ബാങ്കുകള്‍ വായ്പ നിഷേധിച്ചു; കടം തീര്‍ക്കാന്‍ വൃക്ക വില്‍പ്പനയ്ക്ക് വെച്ച് ഉത്തര്‍പ്രദേശിലെ യുവകര്‍ഷകന്‍

Jaihind Webdesk
Friday, August 23, 2019

ലഖ്നൗ: ‘വൃക്ക വില്‍ക്കാനുണ്ട്’ ഇത് ഉത്തര്‍പ്രദേശിലെ യുവകര്‍ഷകന്‍ തന്‍റെ നാട്ടില്‍ കൊടുത്ത നോട്ടീസിലെ വാക്കുകളാണ് ഇത്. പൊതുമേഖലാ ബാങ്കുകള്‍ വായ്പ നിരസിച്ചതിനെ തുടര്‍ന്നാണ് യുപിയിലെ ചട്ടാര്‍ സലി ഗ്രാമവാസിയായ രാംകുമാര്‍ എന്ന യുവകര്‍ഷകന്‍ തന്റെ വൃക്ക വില്‍ക്കാന്‍ ഒരുങ്ങുന്നത്. കടം തീര്‍ക്കാന്‍ മറ്റൊരു മാര്‍ഗമില്ലെന്നും രാംകുമാര്‍ പറയുന്നു.

പ്രധാനമന്ത്രി കൗശല്‍ വികാസ് പദ്ധതിപ്രകാരം ക്ഷീര കര്‍ഷക പരിശീലനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് രാംകുമാര്‍. ഇതിന്റെ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളെല്ലാം ഹാജരാക്കിയിട്ടും ഒരു പൊതുമേഖലാ ബാങ്കും തനിക്ക് വായ്പ നല്‍കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. കന്നുകാലികളെ വാങ്ങുന്നതിനും ഷെഡ് പണിയുന്നതിനുമായി ബന്ധുക്കളില്‍ പണം കടംവാങ്ങിയിരുന്നു.

എന്നാല്‍ പലിശയടക്കം ബന്ധുക്കളില്‍ നിന്ന് ഇപ്പോള്‍ തിരിച്ച് നല്‍കാന്‍ സമ്മര്‍ദ്ദം ഉയര്‍ന്നതോടെയാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് അദ്ദേഹം പറയുന്നു. വൃക്ക വില്‍ക്കുകയല്ലാതെ ഈ പണം തിരിച്ച് കൊടുക്കാന്‍ തനിക്ക് മറ്റൊരു വഴിയുമില്ലെന്നും രാംകുമാര്‍ കൂട്ടിച്ചേര്‍ത്തു. വൃക്ക വില്‍പ്പനയ്ക്കുണ്ടെന്ന് കാണിച്ച് രാംകുമാര്‍ പട്ടണങ്ങളിലും മറ്റു പൊതുയിടങ്ങളിലും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.