എസ്എഫ്ഐക്കായി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കേരള സർവകലാശാല; തോറ്റവരെ ജയിപ്പിക്കാനുള്ള നീക്കം വിവാദത്തില്‍

Jaihind Webdesk
Friday, August 20, 2021

 

തിരുവനന്തപുരം : എസ്എഫ്ഐക്കുവേണ്ടി ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയ കേരള സർവകലാശാല നടപടി വിവാദത്തില്‍. എംബിഎ പരീക്ഷ തോറ്റ കേരള സർവകലാശാല മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (IMK) മൂന്ന് വിദ്യാർത്ഥികളെ ജയിപ്പിക്കാൻ വേണ്ടി മൂന്നാം തവണയും ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്താനുള്ള തീരുമാനമാണ് വിവാദമായിരിക്കുന്നത്. എസ്എഫ്ഐയുടെ ആവശ്യപ്രകാരമാണ് നടപടി.

കേരള സർവകലാശാലയിൽ മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയിൽ തോറ്റ മൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂന്നാം തവണയും പുനപരിശോധിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നു. ഇതോടെ എംബിഎ വകുപ്പ് മേധാവിയും സിഎസ്എസ് വൈസ് ചെയർമാന്നും യോഗം ചേർന്ന് ഉത്തരക്കടലാസുകൾ മൂന്നാം തവണയും പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ യോഗത്തിൽ എസ്എഫ്ഐ നേതാവും പങ്കെടുത്തു.

യൂണിവേഴ്സിറ്റി ചട്ടമനുസരിച്ച് വൈസ് ചാൻസലർ ചെയർമാനായ അക്കാദമിക് കമ്മിറ്റിക്ക് പോലും യൂണിവേഴ്സിറ്റി റെഗുലേഷന് വിരുദ്ധമായി തീരുമാനമെടുക്കാൻ അധികാരമില്ല. പിജി പരീക്ഷകൾക്ക് രണ്ട് മൂല്യനിർണയമാണുള്ളത്. ആദ്യ മൂല്യനിർണയം വകുപ്പുകളിലെ അധ്യാപകരും രണ്ടാം മൂല്യനിർണയം സർവകലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരുമാണ് നടത്തുന്നത്. മൂല്യനിർണയങ്ങളിൽ ലഭിക്കുന്ന മാർക്കുകളിലെ വ്യത്യാസം  10 ശതമാനത്തില്‍ കൂടുതലാണെങ്കിൽ മാത്രമാണ് മൂന്നാമത് മൂല്യനിർണയം നടത്താന്‍ വ്യവസ്ഥയുള്ളത്. എന്നാല്‍ തോറ്റ മൂന്ന് വിദ്യാർത്ഥികളുടെയും മൂല്യനിർണയങ്ങളിലെ മാർക്ക് വ്യത്യാസം 10 ശതമാനത്തിന് താഴെ ആണ്. എസ്എഫ്ഐയുടെ ഇടപെടലില്‍ ഈ മൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മാത്രമായി മൂന്നാമതും മൂല്യനിർണയം നടത്തി ജയിപ്പിക്കുകയാണ് ലക്ഷ്യം.

സാങ്കേതിക സർവകലാശാലയിൽ മുൻ വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്‍റെ നിർദ്ദേശാനുസരണം മൂന്നാം തവണയും പുനർമൂല്യനിർണയം നടത്തി ബി.ടെക് വിദ്യാർത്ഥിയെ ജയിപ്പിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് കേരള സർവകലാശാലയിലെയും  നടപടി. സർവകലാശാല ചടങ്ങള്‍ക്ക് വിരുദ്ധമായി തോറ്റ വിദ്യാർത്ഥികളുടെ ഉത്തരകടലാസുകൾ മൂന്നാം തവണയും പുനഃപരിശോധിക്കാനുള്ള തീരുമാനം അംഗീകരിക്കരുതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി കേരള സർവകലാശാല വിസിയോട് ആവശ്യപ്പെട്ടു.