എസ്.എഫ്.ഐയുടെ ഇടിമുറി പൂട്ടി, ഇനി ക്ലാസ് റൂം; കോളേജിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുപ്രസിദ്ധമായ യൂണിയന്‍ ഓഫീസ് പൂട്ടി. ഇനി ഇത് ക്ലാസ് മുറിയായി പ്രവര്‍ത്തിക്കും. കോളേജിലെ ഇടിമുറിയെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. അതേസമയം യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കുന്നതിനിടെ സര്‍വ്വകലാശാല ഉത്തരക്കടലാസുകളും സീലും കണ്ടെടുത്തു. ക്യാംപസില്‍ കയാറാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ അധ്യാപകരും പൊലീസും ചേര്‍ന്ന് തടഞ്ഞ് കൈയേറ്റം ചെയ്തു.

കഴിഞ്ഞദിവസം മാധ്യമങ്ങള്‍ യൂണിയന്‍ റൂമില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. അന്ന് കണ്ടത് ആയുധങ്ങളും മദ്യകുപ്പികളും. കുത്തേറ്റ് വീണ അഖിലിനെയും സുഹൃത്തുക്കളെയും എസ്.എഫ്.ഐക്കാര്‍ ആദ്യം മര്‍ദിച്ചതും ഈ യൂണിയന്‍ മുറിയിലിട്ടാണ്. വിദ്യാര്‍ഥി യൂണിയന്‍ ഓഫീസെന്നാണ് പേരെങ്കിലും എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫീസായാണ് ഈ ഇടിമുറി പ്രവര്‍ത്തിച്ചിരുന്നത്. ഇത് ഒഴിപ്പിക്കുന്നതിനിടെയാണ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതിന് സമാനമായ രീതിയില്‍ ഉത്തരക്കടലാസുകളും അധ്യാപകന്റെ സീലും ഈ മുറിയില്‍ നിന്നും ലഭിച്ചത്.

വിദ്യാര്‍ത്ഥികളുടെ പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ കെ.എസ്.യു പ്രതിഷേധിച്ചത്. എന്നാല്‍ ഇവര്‍ക്കെതിരെ ആദ്യം അധ്യാപകരും പിന്നാലെ പൊലീസുമെത്തി കെ.എസ്.യു നേതാക്കളെ തടഞ്ഞു. ഉന്തിലും തള്ളിലും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റവും ഉണ്ടായി. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

Comments (0)
Add Comment