പട്നയില്‍ ഐക്യകാഹളം; ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാന്‍ പ്രതിപക്ഷ പാർട്ടികള്‍; അടുത്ത യോഗം ഷിംലയില്‍

Jaihind Webdesk
Friday, June 23, 2023

 

പട്ന: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒന്നിച്ചു നേരിടാൻ തീരുമാനമെടുത്ത് പ്രതിപക്ഷ പാർട്ടികൾ. ബിഹാർ തലസ്ഥാനമായ പട്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം. ലോക്സഭാ തിരഞ്ഞടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു. ചെറിയ ആശയവ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ജൂലൈയില്‍ ഹിമാചലിലെ ഷിംലയിൽവെച്ച് അടുത്ത യോഗം ചേരാനും തീരുമാനമായി.

‘2024 ല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടും. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. സർക്കാര്‍ രൂപീകരിക്കാനാവുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്’ – കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു.

നാല് മണിക്കൂർ നീണ്ട പ്രതിപക്ഷ പാർട്ടി യോഗത്തിലാണ് സുപ്രധാന തീരുമാനം. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചും സീറ്റുകൾ സംബന്ധിച്ചും മറ്റുള്ള കാര്യങ്ങളിൽ അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകും. ജൂലൈ 10 അല്ലെങ്കിൽ 12 ന് ആയിരിക്കും ഷിംലയിലെ യോഗം ചേരുകയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

പ്രത്യയശാസ്ത്രങ്ങളുമായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചെറിയ ആശയവ്യത്യാസങ്ങളുണ്ടെങ്കിലും ഒന്നിച്ചു പോരാടാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രത്യയശാസ്ത്രത്തെ സംരക്ഷിക്കാനായി ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷിംലയിൽ നടക്കുന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്ന് പട്ന യോഗത്തിന് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ഇവിടെ നിന്ന് ചരിത്രം ആരംഭിക്കുകയാണെന്നും ഒന്നിച്ച് പോരാടുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും വ്യക്തമാക്കി.