കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

Jaihind Webdesk
Monday, November 12, 2018

AnanthKumar-BJP

കേന്ദ്ര പാര്‍ലമെന്‍ററികാര്യ- രാസവള വകുപ്പ് മന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു. 59 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പുലർച്ചെ 2.30ന് ബംഗലുരുവിലായിരുന്നു അന്ത്യം. ആറ് തവണ പാർലമെന്റ് അംഗമായിരുന്നു. മോദി സർക്കാരിൽ പാർലമെന്ററി കാര്യ മന്ത്രിയായിരുന്നു അദ്ദേഹം. കർണാടക ബിജെപി സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

അനന്ത് കുമാറിന്‍റെ നിര്യാണത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 20 നാണ് ബെംഗളൂരുവില്‍ അനന്ത്കുമാർ തിരിച്ചെത്തിയത്. 1996 മുതല്‍ ആറു തവണ ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ പാര്‍ലമെന്റിലെത്തിയ അനന്ത് കുമാര്‍ കര്‍ണാടക ബി.ജെ.പി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

1959 ജൂലായ് 22 ന് ബെംഗളൂരുവിൽ ജനിച്ച അദേേഹം ഹൂബ്ലി കെ.എസ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ബി.എയും ജെ.എസ്.എസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി.
എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അനന്ത്കുമാർ 1985 ൽ എ.ബി.വി.പി. ദേശീയ സെക്രട്ടറിയായി. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി. 1996ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായി. വാജ്പയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാര്‍. 1999ലും എന്‍.ഡി.എ. സര്‍ക്കാറില്‍ മന്ത്രിയായി. ടൂറിസം, കായിക,യുവജനക്ഷേമം, സാംസ്‌ക്കാരിക, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

2003ല്‍ കര്‍ണാടക ബി.ജെ. പി അധ്യക്ഷനായി. തൊട്ടടുത്ത കൊല്ലം ദേശീയ സെക്രട്ടറിയായി. മോദി സര്‍ക്കാരില്‍ രാസവള വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2016 ല്‍ പാര്‍ലമെന്ററികാര്യവും ലഭിച്ചു.കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് അദ്ദേഹത്തിന് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. തിരിച്ച്‌ വന്ന ശേഷം ബെംഗളൂരുവിലെ ശങ്കര്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിലെ ചികിത്സയിലായിരുന്നു.
ലാല്‍ബാഗ് റോഡിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.സംസ്‌ക്കാരം വൈകിട്ട് അഞ്ചിന് ചാമരാജ് പേട്ട ശ്മശാനത്തില്‍ നടക്കും.