യൂണിവേഴ്‌സിറ്റി കോളജ് സി.പി.എം ഗുണ്ടകളുടെ രാവണന്‍ കോട്ട: മുല്ലപ്പള്ളി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സി.പി.എം ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും രാവണന്‍ കോട്ടയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ വിദ്യാര്‍ത്ഥികളെ ഒരു കാലത്ത് വാര്‍ത്തെടുത്ത ഈ ഉന്നതവിദ്യാഭ്യാസ കേന്ദ്രം ഇന്ന് കുപ്രസിദ്ധ കുറ്റവാളികളുടെ താവളമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് യൂണിവേഴ്‌സിറ്റി കോളജിലെത്തിയ ഏതാനും കെ.എസ്.യു പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ അധ്യാപകര്‍പോലും മുമ്പന്തിയില്‍ ഉണ്ടായിരുന്നു. ഇത് അവിടത്തെ അധ്യാപകരുടെ നിലവാരത്തകര്‍ച്ചയിലേക്കു വിരല്‍ചൂണ്ടുന്നു. ഇവര്‍ ശിക്ഷണം കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ നാളെ എന്തായി തീരുമെന്നതിന്റെ സൂചനയാണിത്. നൂറോളം പോലീസുകാര്‍ ആറ് കെഎസ്‌യു പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകയും അവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ സന്തോഷിപ്പിക്കാന്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ മേല്‍ പോലീസ് കുതിര കയറുകയാണ്. ഇതു തീക്കളിയാണെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്കി.

സംസ്ഥാനത്ത് ഇപ്പോള്‍ ഭരണകൂട ഭീകരതയും പാര്‍ട്ടി ഭീകരതയും പോലീസ് രാജും നിലനില്ക്കുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേക്കുറിച്ചൊന്നും പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിക്ക് പോലീസിനുമേല്‍ യാതൊരു നിയന്ത്രണവുമില്ല. സര്‍ സിപി നാടുവണ അനന്തപുരിയില്‍ അതേ മോഡലില്‍ വാഴാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അതു മൗഢ്യമാണെന്നു മുല്ലപ്പള്ളി പറഞ്ഞു.
ഭരണഘടനാ നിര്‍മിത സ്ഥാപനങ്ങളായ സര്‍വകലാശാലയും പിഎസ്‌സിയും ഇപ്പോള്‍ വിശ്വാസ്യത തകര്‍ന്ന സ്ഥാപനങ്ങളാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നിലവില്‍ വന്ന പുതിയ ഭരണസമിതി പിഎസ്‌സിയില്‍ ക്രമക്കേടും സ്വജനപക്ഷപാതവും ആചാരമാക്കി. എസ്എഫ്‌ഐ നേതാക്കളുടെ വീടുകള്‍ ഇപ്പോള്‍ പിഎസ്‌സി ഓഫീസായി മാറിയിരിക്കുന്നു. ഇത് അഭ്യസ്തവിദ്യരോടു കാട്ടുന്ന ക്രൂരമായ വഞ്ചനയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

മെരിറ്റ് മാത്രം അടിസ്ഥാനമാക്കി അഡ്മിഷന്‍ നടക്കുന്ന സര്‍ക്കാര്‍ കോളജുകളില്‍ യാതൊരു മെരിറ്റും മാര്‍ക്കും ഇല്ലാത്തവര്‍ അഡ്മിഷന്‍ നേടുന്നു. മെരിറ്റില്‍ പഠിക്കാന്‍ എത്തിയവര്‍ അവിടെ നിന്ന് ജീവനുംകൊണ്ടോടുന്നു. വല്ലാത്തൊരു ജീര്‍ണതയിലേക്കാണു നാടു വീണിരിക്കുന്നത്. കേരളീയ മന:സാക്ഷിയുടെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി യൂണിവേഴ്‌സിറ്റി കോളജ് മാറിയിരിക്കുകയാണ്. കേരളത്തിലെ കാമ്പസുകളെ ക്രിമിനലുകളില്‍ നിന്നു മോചിപ്പിക്കാനുള്ള പോരാട്ടമാണ് ഉണ്ടാകേണ്ടത്. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ജനങ്ങളും ശക്തമായി പ്രതികരിച്ചില്ലെങ്കില്‍ നാളെ കനത്ത വില നല്‌കേണ്ടി വരുമെന്നു മുല്ലപ്പള്ളി മുന്നറിയിപ്പ് നല്കി.

Comments (0)
Add Comment