കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിയുടെ ആശയം പോലും മറന്നാണ് ഭരിക്കുന്നതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പിണറായി വിജയന് സര്‍ക്കാര്‍ ചെയ്ത ‘പാപകര്‍മം’ കഴുകിക്കളയാന്‍ കഴിയില്ലെന്നും കേരളത്തിലെ ജനവിരുദ്ധ സര്‍ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള സര്‍ക്കാരിന് ലക്ഷ്യബോധമില്ലെന്നും ദിശാബോധമില്ലെന്നും കെ സി വേണുഗോപാല്‍ തുറന്നടിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചെന്നും അത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഇന്നലെ വരെ പ്രഖ്യാപിച്ചിരുന്ന ആശയങ്ങളോട് യോജിക്കാത്തവരുമായി സന്ധി ചെയ്താണ് സിപിഎം ഭരണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ ജ്യോത്സ്യന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രായശ്ചിത്തമായിരിക്കും എന്നും അദ്ദേഹം പരിഹസിച്ചു. ‘പി.ആര്. എക്സൈസാണ് സര്‍ക്കാര്‍ നടത്തുന്നത്. അതുകൊണ്ട് തീരുന്നതല്ല 10 വര്‍ഷം കൊണ്ട് പിണറായി ചെയ്ത പാപകര്‍മം. കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണോ വിചാരിക്കുന്നത്? അധിക്ഷേപം നടത്തിയവര്‍ പി.ആര്. വര്‍ക്ക് കൊണ്ട് ഇറങ്ങിയാല്‍ ജനം അംഗീകരിക്കില്ല’- അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം മുഴുവന്‍ പിണറായി വിജയന്റെ പോക്കറ്റിലാണെന്നും, ഭരണം എങ്ങനെ വേണമെങ്കിലും നടത്താമെന്നാണ് അദ്ദേഹം കരുതിയിരിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു