പ്രളയ പുനർനിർമ്മാണ ഫണ്ട് ശേഖരണത്തിനായുള്ള മന്ത്രിമാരുടെ വിദേശ യാത്രയ്ക്കുള്ള കേന്ദ്രാനുമതി ഇതുവരെയും ലഭിച്ചില്ല. കേന്ദ്രാനുമതി ലഭിച്ച മുഖ്യമന്ത്രി പിണറായി വിജയൻ 17ന് യുഎഇ യിലേക്ക് പുറപ്പെടും. മന്ത്രിമാരുടെ യാത്ര സംബന്ധിച്ച് കേന്ദ്ര തീരുമാനം ഇന്ന് ഉണ്ടായേക്കും.
പ്രളയ പുനർനിർമ്മാണ ഫണ്ട് ശേഖരത്തിനുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള കേന്ദ്ര അനുമതി ഇന്നലെയും ലഭിച്ചില്ല. ഇതോടെ മന്ത്രിമാരുടെ വിദേശ രാജ്യ സന്ദർശനം അനിശ്ചിതത്ത്വത്തിലാണ്. സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാനുമതി ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. അമേരിക്ക, കാനഡ, ഓസ്ടേലിയ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര അനുമതി ലഭിച്ചാൽ തന്നെ വിസാ നടപടികൾക്ക് കാലതാമസം ഉണ്ടാകും. കടുത്ത നിബന്ധനയോടെ യാത്രാനുമതി ലഭിച്ച മുഖ്യമന്ത്രി 17 മുതൽ 21 വരെ യുഎഇ സന്ദർശിക്കും. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഫണ്ട് ശേഖരിച്ച ശേഷം 21 ന് മുഖ്യമന്ത്രി മടങ്ങി എത്തും.
മന്ത്രിമാരും ഗവൺമെന്‍റ് സെക്രട്ടറിമാരും അടങ്ങിയ സംഘത്തിന് രണ്ടാഴ്‌ച മുമ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയിരുന്നു. സന്ദർശനത്തിനായി മന്ത്രിമാരെ ക്ഷണിച്ച ചില സംഘടനകൾക്ക് രജിസ്ടേഷൻ ഇല്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം. മന്ത്രിമാരുടെ യാത്രയ്ക്ക് രണ്ടു കോടിയോളം രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഇതിനുസരിച്ച് ഉള്ള ഗുണം കിട്ടുമോ എന്ന് കാര്യത്തിൽ ചില മന്ത്രിമാർക്ക് ആശങ്ക ഉണ്ട്. അതേ സമയം, അനുമതി നിഷേധിച്ചാൽ രാഷ്ട്രീയമായി പ്രതികരിക്കാനാണ് ഇടതു മുന്നണിയുടെ തീരുമാനം.
https://www.youtube.com/watch?v=ARBeMOX04ec