രാജ്യത്തിന്‍റെ ജി.ഡി.പി നിരക്ക് 4.5 ശതമാനമായി കൂപ്പുകുത്തി. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും അംഗീകരിക്കാന്‍ ആവുന്നതല്ലെന്നും സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു.
4.5 ശതമാനത്തിലേക്ക് ജി.ഡി.പി താഴ്ന്നത് അംഗീകരിക്കാനാവില്ല. 8 മുതല്‍ 9 ശതമാനം വരെയാണ് രാജ്യത്തിന്‍റെ പ്രതീക്ഷിത വളര്‍ച്ച. ആദ്യപാദത്തിലുണ്ടായിരുന്ന അഞ്ചില്‍ നിന്ന് 4.5 ലേക്ക് ജി.ഡി.പി നിരക്ക് താഴ്ന്നത് ആശങ്കയുളവാക്കുന്നതാണ്. സാമ്പത്തിക രംഗത്തിന് ഗുണം ചെയ്യുന്ന സാമ്പത്തിക നയങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞില്ലെന്നതിന്‍റെ വ്യക്തമായ തെളിവാണ് ഇതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. 2012-2013ന് ശേഷം ജി.ഡി.പി ഇത്രയും താഴുന്നത് ആദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്‍റെ ആഭ്യന്തരവളർച്ചാനിരക്ക് 4.5 ആയി ഇടിഞ്ഞതായി പറയുന്നത്.
ഒരു രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ അതിന്‍റെ സമൂഹത്തിന്‍റെ അവസ്ഥയുടെ പ്രതിഫലനമാണ്. ഒരു സമ്പദ്‌വ്യവസ്ഥ എന്നത് ആളുകൾക്കും സ്ഥാപനങ്ങൾക്കുമിടയിലുള്ള നിരവധി കൈമാറ്റങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും പ്രവർത്തനമാണ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക ഇടപാടുകളുടെ അടിത്തറ. മോദി ഭരണത്തില്‍ അത് ഇല്ലാതായിരിക്കുന്നു – ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ജി.ഡി.പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇത് ആദ്യമായാണ്. അഞ്ച് ശതമാനമായിരുന്നു ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ ആദ്യ പാദ സാമ്പത്തിക വളര്‍ച്ച. നേരത്തെ എസ്.ബി.ഐ, നൊമുറ ഹോള്‍ഡിംഗ്സ്, ക്യാപിറ്റല്‍ ഇക്കണോമിക്‌സ് ലിമിറ്റഡ് എന്നിവിടങ്ങളിലെ സാമ്പത്തിക വിദഗ്ധർ ഇന്ത്യന്‍ സാമ്പത്തിക വളർച്ച അഞ്ച് ശതമാനത്തിലും താഴെയെത്തുമെന്ന് വ്യക്തമാക്കിയിരുന്നു. 4.2 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലേക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ച കൂപ്പുകുത്തുമെന്ന ഈ റിപ്പോര്‍ട്ടിനെ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനായെന്ന ധനമന്ത്രിയുടെ അവകാശവാദങ്ങളെ നിലംപരിശാക്കുന്നതാണ് നിലവിലെ റിപ്പോര്‍ട്ട്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഓരോദിവസം കഴിയുന്തോറും കൂടുതല്‍ ഗുരുതരമാവുകയാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഈ റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മോദി സർക്കാർ. ധനമന്ത്രി നിർമല സീതാരാമനാകട്ടെ പത്രസമ്മേളനങ്ങള്‍ നടത്തി നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. രാജ്യത്തെ ജി.ഡി.പി നിരക്ക് 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തുമ്പോഴും സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനായി എന്ന് പറഞ്ഞൊഴിയാന്‍ മാത്രമേ ധനമന്ത്രിക്കും മോദി സർക്കാരിനും കഴിയുന്നുള്ളൂ എന്നതാണ് വസ്തുത.
രാജ്യത്തെ കാര്‍ഷിക, വ്യാവസായിക മേഖലകളെല്ലാം തന്നെ വന്‍ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. നിരവധി വ്യവസായസ്ഥാപനങ്ങളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. റിസർവ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്നുപോലും കടമെടുക്കുന്ന അവസ്ഥയിലേക്കായിരുന്നു രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ പോക്ക്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി വന്‍ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നേരത്തെയും നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയെങ്കിലും സർക്കാര്‍ ഉണർന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കരകയറാനാകാത്ത വലിയ പ്രതിസന്ധിയിലേക്കാകും രാജ്യം നീങ്ങുകയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. അതേസമയം പ്രതിസന്ധിയെ മറികടക്കാന്‍ ഒന്നും ചെയ്യാനാകാത്ത ധനമന്ത്രി നിർമല സീതാരാമന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ശക്തമാണ്.