‘നിയമസഭയില്‍ പി.ടിയുടെ ശബ്ദമാകും’; വിജയതിലകം ചൂടി പി.ടിയുടെ അടുത്തെത്തി ഉമ

Jaihind Webdesk
Saturday, June 4, 2022

ഇടുക്കി : തൃക്കാക്കരയിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയ നിയുക്ത എംഎൽഎ ഉമാ തോമസ് പി.ടി തോമസിന്‍റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തി. പി.ടിയുടെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലെ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം ഉപ്പുതോട് സെന്‍റ് ജോസഫ് ദേവാലയത്തിലും പ്രാർത്ഥന നടത്തി.

താൻ ഇപ്പോഴും പി.ടിയുടെ ആരാധികയാണ് എന്നും തൃക്കാക്കരയിലെ വിജയം പി.ടിക്ക് സമർപ്പിക്കുന്നതായും ഉമ തോമസ് പറഞ്ഞു. പി.ടിയുടെ നിലപാടുകൾ പിന്തുടരും. നിയമസഭയിൽ പി.ടിയുടെ ശബ്ദമാകുമെന്നും ഉമാ തോമസ് പറഞ്ഞു.

പിന്നീട് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനെയും ഉമാ തോമസ് സന്ദർശിച്ചു. പി.ടി തോമസിന്‍റെ തറവാട്ട് വീട്ടിലും എത്തി ഉച്ചയോടെ തൃക്കാക്കരയ്ക്ക് മടങ്ങും. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതിന്‍റെ അടുത്ത ദിവസവും ഉമാ തോമസ് ഉപ്പുതോട്ടിൽ എത്തിയിരുന്നു.