സഖാവായതിന്റെ പ്രിവിലേജോ? നടന്‍ വിനായകനെ വിട്ടയച്ചതിനെതിരെ ഉമാ തോമസ് എംഎല്‍എ

Jaihind Webdesk
Wednesday, October 25, 2023


എറണാകുളം പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടന്‍ വിനായകനും സര്‍ക്കാരിനുമെതിരെ ഉമ തോമസ് എംഎല്‍എ. ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടതാണ്. ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോയെന്ന് ഉമ തോമസ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ വിനായകനും സര്‍ക്കാരിനുമെതിരെ രംഗത്തെത്തിയത്. എന്തിന്റെ പേരിലായാലും വിനായകനെതിരെ നിസാര കേസെടുത്ത് ജാമ്യത്തില്‍ വിട്ടത് അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്ന് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടന്‍ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസ് അറിയിച്ചത്. നോര്‍ത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കലൂരിലാണ് വിനായകന്‍ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്റെ പേരില്‍ വിനായകന്‍ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മഫ്തിയില്‍ വനിത പൊലീസ് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകന്‍ ബഹളം വെച്ചു. അതിനുശേഷം വൈകിട്ട് ആറോടെയാണ് വിനായകന്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഉമ തോമസ് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്

എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്. ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’. അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാന്‍ താല്പര്യമുണ്ട്.. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ…