ബ്രിട്ടൺ ഇടക്കാല തെരഞ്ഞെടുപ്പിലേയ്ക്ക്; ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്തും

ബ്രിട്ടൺ ഇടക്കാല തെരഞ്ഞെടുപ്പിലേയ്ക്ക്. ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്തും. പ്രധാനമന്ത്രി ബോറീസ് ജോൺസന്‍റെ നിർദേശത്തിനു പാർലമെന്‍റിന്‍റെ അംഗീകാരം. നിർദേശത്തെ പാർലമെന്‍റിൽ 438 പേർ പിന്തുണച്ചു .

നാലുവർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനാണ് ബ്രിട്ടൺ പാർലമെന്‍റ് അംഗീകാരം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദേശത്തിന് അനുകൂലമായി 438 എംപിമാർ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പു പ്രമേയം അംഗീകരിക്കപ്പെട്ടെങ്കിലും ആഴ്ചയുടെ അവസാനത്തോടെ മാത്രമേ നിയമമായി മാറുകയുള്ളു. ഇതോടെ ഡിസംബർ ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിന് അഞ്ച് ആഴ്ചത്തെ പ്രചാരണ സമയം മാത്രമേ ലഭിക്കൂ.

ഒക്ടോബർ 31 ന് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന ജോൺസൻറെ പ്രഖ്യാപനം നടപ്പില്ലെന്ന് വ്യക്തമായിട്ടുണ്ട്. ജനുവരി 31 വരെ ബ്രെക്‌സിറ്റ് കാലാവധി നീട്ടി ന ൽകാമെന്ന് യൂറോപ്യൻ യൂണിയൻ കഴിഞ്ഞദിവസം ബ്രിട്ടനെ അറിയിച്ചു. ഇതോടെ അടുത്ത മൂന്നു മാസത്തേക്ക് കരാറില്ലാതെ ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്നു തീർച്ചയായി.

ഡിസംബറിൽ തെരഞ്ഞെടുപ്പു നടത്തണമെന്ന ജോൺസന്‍റെ നിർദേശത്തെ എതിർത്തിരുന്ന ലേബർപാർട്ടി നേതാവ് ജെറമി കോർബും നിലപാട് മാറ്റിയിരുന്നു. കരാറില്ലാ ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നതെന്ന് ലേബർ നേതാവ് ജെറമി കോർബിൻ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment