ഫൈസർ വാക്‌സിനെതിരെ ബ്രിട്ടനിലും അമേരിക്കയിലും മുന്നറിയിപ്പ്

Jaihind News Bureau
Thursday, December 10, 2020

ഫൈസർ വാക്‌സീനെതിരെ ബ്രിട്ടനിലും അമേരിക്കയിലും മുന്നറിയിപ്പ്. ബെൽസ് പാൽസി സ്ഥിരീകരിച്ചു. യുഎസിൽ വാക്‌സിൻ സ്വീകരിച്ച നാല് ആരോഗ്യപ്രവർത്തകർക്ക് മുഖത്തെ പേശികൾ താൽക്കാലികമായി തളർന്നുപോകുന്ന ബെൽസ് പാൽസി സ്ഥിരികരിച്ചു. ബ്രിട്ടനിൽ വാക്‌സിൻ സ്വീകരിച്ച 2 ആരോഗ്യ പ്രവർത്തകർക്ക് അലർജി പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്‌സിനെടുത്ത ശേഷം ഇവർക്ക് ത്വക്കിൽ അസ്വസ്ഥതയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. ഇരുവരും സ്ഥിരമായി അലർജി പ്രശ്‌നങ്ങൾ ഉള്ളവരാണ്. ഇതേത്തുടർന്ന്, സാരമായ അലർജി പ്രശ്‌നങ്ങൾ ഉള്ളവർ ഫൈസർ- ബയോൺടെക് കൊവിഡ് വാക്‌സിൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതരും മുന്നറിയിപ്പ് നൽകി. അതിനിടെ, കാൻബറ- ഫൈസർ കൊവിഡ് വാക്‌സിൻ അടിയന്തര ഉപയോഗത്തിന് കാനഡ അനുമതി നൽകി. ഇന്ത്യയിൽ കൊവിഡ് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള കമ്പനികളുടെ അപേക്ഷകളിൽ വിദഗ്ധ സമിതി ശുപാർശകൾക്ക് അനുസരിച്ചായിരിക്കും ഡ്രഗ്‌സ് കൺട്രോളർ ജനറൽ തീരുമാനമെടുക്കുക. ബഹുരാഷ്ട്ര കമ്പനിയായ ഫൈസറും ഓക്‌സ്‌ഫോർഡ് വാക്‌സിന്‍റെ ഇന്ത്യയിലെ പരീക്ഷണം നടത്തുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍റെയും അപേക്ഷകളാണ് സമിതി പരിശോധിച്ചത്.