നവമാധ്യമങ്ങളിൽ പിണറായി സർക്കാരിന് യുഡിവൈഎഫിന്‍റെ ഷോക്ക് ട്രീറ്റ്മെന്‍റ്; ജനകീയ അവിശ്വാസം രേഖപ്പെടുത്താൻ അണിനിരന്നത് 3ലക്ഷത്തോളം പേർ;പുതുചരിത്രം

Jaihind News Bureau
Wednesday, July 29, 2020

സംസ്ഥാന സർക്കാറിനെതിരെ യുഡിഎഫ് യുവജന സംഘടനകൾ പ്രഖ്യാപിച്ച ജനകീയ അവിശ്വാസ പ്രമേയം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി. രണ്ടരലക്ഷത്തോളം ആളുകളാണ് ഓൺലൈൻ ക്യാംപയിനിൽ പങ്കാളികളായത്.

സ്വർണ്ണ കള്ളക്കടത്ത്, പിൻ വാതിൽ നിയമനം, പാലത്തായി പീഡന കേസിലെ നീതി നിഷേധം, കൊവിഡ് പ്രതിരോധത്തിലെ സർക്കാർ വീഴ്ച്ചകൾ തുടങ്ങിയവ ഉയർത്തി കാണിച്ചാണ് യുഡിഎഫ് യുവജന സംഘടനകൾ ജനകീയ അവിശ്വാസ പ്രമേയം എന്ന വേറിട്ട മുദ്രാവാക്യവുമായി രംഗത്തിറങ്ങിയത്. കൊവിഡ് വ്യാപന കാലത്ത് തെരുവിൽ യുവത്വത്തിൻ്റെ പ്രതിഷേധാഗ്നി തീർക്കാൻ തടസങ്ങളുള്ളപ്പോഴാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി സർക്കാർ വീഴ്ച്ചകൾ തുറന്ന് കാണിക്കാൻ യുവജന നേതൃത്വം തയ്യാറായത്. സർക്കാറിനെതിരായ രോഷം തിളച്ച് നിൽക്കുന്ന സംസ്ഥാനത്തെ യുവജനങ്ങൾ യുഡിവൈഎഫിൻ്റെ പുത്തൻ സമര രീതി രാഷ്ട്രീയം മറന്ന് ഏറ്റെടുക്കുന്നതിനാണ് വിവിധ സാമൂഹ്യ മാധ്യമങ്ങൾ സാക്ഷിയായത്. മറ്റൊരു ഓൺലൈൻ ക്യാമ്പയിനുകൾക്കും ലഭിക്കാത്ത സ്വീകാര്യത ജനകീയ അവിശ്വാസ പ്രമേയത്തിന് ലഭിച്ചത് ഡിവൈഎഫ്ഐ അടക്കമുള്ള ഇടതു സംഘടനകൾക്കും ഞെട്ടൽ സൃഷ്ടിച്ചിരിക്കുകയാണ്.

ഒരേ സ്വരത്തിൽ യുവത ഒന്നാകെ സർക്കാറിനെതിരെ പ്രതിഷേധത്തിൻ്റെ പുത്തൻ രീതി സൃഷ്ടിച്ചത് കേരളത്തിൻ്റെ സമര ചരിത്രത്തിൻ്റെ മറ്റൊരു ഏടായി മാറുകയാണ്. കൊവിഡ് പ്രതിരോധത്തിൻ്റെ പേര് പറഞ്ഞ് പ്രതിപക്ഷ സമരങ്ങളെ പരമാവധി തടയാൻ ശ്രമിക്കുന്ന സർക്കാറിന് നവ മാധ്യമങ്ങൾ വഴി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും അടക്കമുള്ള സംഘടനകൾ നൽകിയ ഷോക്ക് ട്രീറ്റ്മെൻ്റായി ജനകീയ അവിശ്വാസം മാറിക്കഴിഞ്ഞു. തെരുവോരങ്ങളിൽ അക്രമങ്ങൾ സൃഷ്ടിച്ചും പൊതുമുതൽ നശിപ്പിച്ചും, മാത്രമല്ല പ്രതിഷേധം പ്രകടിപ്പിക്കാൻ കഴിയുക എന്ന് നവ മാധ്യമങ്ങൾ വഴി തരംഗമായ സമരത്തിലൂടെ യുഡിവൈഎഫ് തെളിയിച്ചിരിക്കുകയാണ്.