സഭാ സമ്മേളനം മാറ്റിയ നടപടി: 29ന് ജനകീയ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യുഡിവൈഎഫ്; പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ

കോഴിക്കോട്: നിയമസഭാ സമ്മേളനം മാറ്റിവെച്ച  സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി  യുഡിവൈഎഫ്. സർക്കാർ നടപടിക്കെതിരെ ഈ മാസം 29ന് യുഡിവൈഎഫ് ജനകീയ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസും വ്യക്തമാക്കി. നിയമസഭാ സമ്മേളനം മാറ്റിയത് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലല്ല, ജനങ്ങൾക്കിടയിലുള്ള സർക്കാരിനെതിരായ അവിശ്വാസം ചർച്ചയാകാതിരിക്കാനാണെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

സ്വർണ്ണക്കടത്ത് വിവാദത്തിൽ അകപ്പെട്ട സർക്കാർ രക്ഷപ്പെടാനുള്ള മാർഗമായാണ് കൊവിഡ് വ്യാപനത്തെ കാണുന്നത്. നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള തീരുമാനവും ഇതുകൊണ്ട് തന്നെയാണ്. നടപടികൾ കാറ്റിൽ പറത്തി കൺസൾട്ടന്‍സികളെ നിയമിക്കുന്നതിൽ വൻ അഴിമതിയുണ്ട്. അവതാരങ്ങളെ സെക്രട്ടറിയേറ്റിന്‍റെ അകത്തിരുത്തിയതിന്‍റെ ഫലമാണിത്. കൺസൾട്ടന്‍സി കമ്പനികളോടുള്ള സർക്കാരിന്‍റെ താൽപര്യമാണ് ഇത് വ്യക്തമാക്കുന്നത്. കെ.പി.എം.ജിയുടെ ഡയറക്ടർ ആയിരുന്ന അരുൺ പിള്ള പിന്നീട് പിഡബ്ല്യുസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായത് പരിശോധിക്കണമെന്നും ഷാഫി പറമ്പിൽ കോഴിക്കോട് പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസ് സജീവമായപ്പോഴാണ് സർക്കാർ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയത്. കൊവിഡിന്‍റെ മറവിൽ സർക്കാർ സ്വന്തം താല്‍പര്യങ്ങൾ നടപ്പാക്കുകയാണ്. പാലത്തായി കേസിൽ ഇരക്കൊപ്പം എന്ന് പറയുന്ന സർക്കാർ ഇരയോട് കാണിക്കുന്നത് നീതി നിഷേധമാണ്. യുഡിവൈഎഫിന്‍റെ നേതൃത്വത്തിൽ പെൺകുട്ടിക്ക് എല്ലാ നിയമ സഹായവും നൽകുമെന്ന് പികെ ഫിറോസും വ്യക്തമാക്കി.

Comments (0)
Add Comment