മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; സിപിഎം പ്രതികൾ ആകുന്ന കേസിൽ ഇന്ത്യൻ പീനൽ കോഡിന് പകരം കമ്മ്യൂണിസ്റ്റ് പീനൽ കോഡ്: എം വിൻസെന്‍റ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിലുണ്ടായ മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പോലീസിനെ വിമര്‍ശിച്ച് എം വിൻസെന്‍റ് എംഎല്‍എ. മേയർക്ക് എതിരെയുള്ള ഡ്രൈവറുടെ പരാതിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പോലീസ് സുപ്രീംകോടതിയുടെ ഉത്തരവിനെയും ക്രിമിനൽ നിയമ ചട്ടങ്ങളെയും ലംഘിക്കുന്നതായി എം വിൻസെന്‍റ് എംഎൽഎ ചൂണ്ടിക്കാട്ടി. കേസെടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കൾ പ്രതികൾ ആകുന്ന കേസിൽ ഇന്ത്യൻ പീനൽ കോഡിന് പകരം കമ്മ്യൂണിസ്റ്റ് പീനൽ കോഡാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം  കുറ്റപ്പെടുത്തി. യദുവിന്‍റെ പരാതിയില്‍ കേസെടുക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിജിപിയും മുഖ്യമന്ത്രിയും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ എ.എ റഹീം എംപിക്കെതിരെയും എംഎല്‍എ പ്രതികരിച്ചു. ബസില്‍ കയറി ടിക്കറ്റ് എടുത്ത് പോകാനാണത്രേ സച്ചിൻദേവ് എംഎല്‍എ പറഞ്ഞത്, ഇത്ര അപഹാസ്യമായ കാര്യങ്ങള്‍ ഒരു രാജ്യസഭാംഗം പറയുമോ എന്നും എം വിൻസെന്‍റ് എംഎല്‍എ ചോദിച്ചു.

Comments (0)
Add Comment