കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീര ഭാഗം മാറിപ്പോയെന്നാണ് പരാതി. നാലു വയസുകാരിയുടെ കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടതിന് പകരം കുട്ടിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ കുട്ടിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.
കുട്ടിയുടെ കെെയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനായിരുന്നു ആശുപത്രിയിലെത്തിയത്. എന്നാല്‍ കുട്ടിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്ന് കുടുംബം പറഞ്ഞു. തുടർന്ന് മറ്റൊരു ശസ്ത്രക്രിയ നടത്തി ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ കൂടെ ആരെയും കയറ്റിയിലായിരുന്നു. തുടർന്ന് ശസ്ത്രക്രിയ പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് ശസ്ത്രക്രിയ മാറിപ്പോഴെന്ന് വീട്ടുകാർ അറിയുന്നത്.
കെെയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെതന്നെയുണ്ടായിരുന്നു. ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗം മാറിപ്പോഴെന്ന് അറിയിച്ചപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്സ് പ്രതികരിച്ചത്. അധികൃതർ വളരെ നിസാരമായാണ് സംഭവം എടുത്തതെന്ന് കുടുംബം ആരോപിച്ചു. എന്താണ് നടന്നതെന്ന് വീട്ടുകാർ ചോദിച്ചെങ്കിലും കൃത്യമായ വിശദീകരണം അധികൃതരില്‍ നിന്നും ലഭിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു. അതേസമയം കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനം. ഇതിനു മുമ്പും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍ ഉയർന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് മറ്റൊരു സംഭവം.