യു.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ, പി ജെ ജോസഫ്, ജോസ് കെ മാണി, തുടങ്ങിയവർ പങ്കെടുത്തു. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി.
പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങള്‍ വിലയിരുത്താനാണ് പ്രധാനമായും യു.ഡി.എഫ് യോഗം ചേർന്നത്. കണ്‍വീനർമാരെയും ചെയർമാന്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു യോഗം. വരും ദിവസങ്ങളില്‍ നടത്തേണ്ട മുന്നൊരുക്കങ്ങളും മറ്റ് പ്രചാരണ പരിപാടികളും യോഗത്തില്‍ തീരുമാനിച്ചു. വിവിധ കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിലും മറ്റും യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കും.
യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫില്‍ യാതൊരുവിധത്തിലുള്ള തർക്കങ്ങളുമില്ല, ചിലതൊക്കെ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫില്‍ യാതൊരു അഭിപ്രായവ്യത്യാസങ്ങളുമില്ലെന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആത്മാര്‍ത്ഥമായി യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കുമെന്ന് പി.ജെ ജോസഫും വ്യക്തമാക്കി. ഈ മാസം 18ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ഐക്യജനാധിപത്യമുന്നണി ഒത്തൊരുമയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി.
https://www.youtube.com/watch?v=2w-Y0ExhyGw