‘കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് ജയിക്കും, രാഷ്ട്രീയസാഹചര്യങ്ങള്‍ അനുകൂലം’; കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Thursday, August 3, 2023

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്ന സാഹചര്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ വിളിച്ചുചേർത്ത രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും എംപിമാരുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി ഉൾപ്പെടെ കേരളത്തിൽ നിന്നും 29 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ യോഗം വിളിച്ചത്.  എഐസിസി ആസ്ഥാനത്തു ചേർന്ന യോഗത്തില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ചയായി. കർണ്ണാടക മാതൃകയിലായിരിക്കും കേരളത്തിലും തിരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമാവുക. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തു. മണിപ്പുർ, ഹരിയാന എന്നിവിടങ്ങളിലെ വർഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരം ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് നേരത്തെ പലതവണ താന്‍ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ ഈ വർഗീയ ശക്തികളെ ചെറുത്ത് തോൽപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കേരളത്തിൽ 20 ൽ 20 സീറ്റും നേടി യുഡിഎഫ് അംഗങ്ങൾ പാർലമെന്‍റിൽ എത്തുമെന്നും കേരളത്തിലെയും കേന്ദ്രത്തിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണെന്നും യോഗത്തിനുശേഷം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെയും മടുത്തു കഴിഞ്ഞു. കേരളത്തിലെ കോൺഗ്രസിനു ജനപിന്തുണയുണ്ട്. പരസ്യപ്രസ്താവനകൾ പാടില്ലെന്നുള്ള തീരുമാനവും യോഗം കൈകൊണ്ടിട്ടുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കും. മണിപ്പൂരിലെ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എം ഹസന്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ തുടങ്ങി 29 പേരാണ് യോഗത്തിൽ പങ്കെടുത്തത്. എ.കെ ആന്‍റണി, രമേശ് ചെന്നിത്തല എന്നിവർ ഓൺലൈനായും യോഗത്തില്‍ പങ്കെടുത്തു.