മണിയുടെ അധിക്ഷേപത്തിന് കുട പിടിക്കുന്നത് മുഖ്യമന്ത്രി: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം; രമയെ യുഡിഎഫ് സംരക്ഷിക്കും: പ്രതിപക്ഷ നേതാവ്

ഇടുക്കി: മുന്‍ മന്ത്രി എം.എം മണിയുടെ അധിക്ഷേപ വാക്കുകൾക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയുടെ നയം അത്ഭുതപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മര്യാദയ്ക്ക് ജീവിക്കുന്നവരെ അധിക്ഷേപിക്കാൻ വേണ്ടി ചട്ടമ്പികളെ പറഞ്ഞുവിടുന്ന നാട്ടുപ്രമാണികളെപ്പോലെയാണ് ഇത്. ഒരു സ്ത്രീ വിധവയാകുന്നത് വിധിയാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്നത് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈധവ്യം എന്നത് സ്ത്രീയുടെ വിധിയാണ് എന്നതില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം. അങ്ങനെയെങ്കിൽ സതി അനുഷ്ഠിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി നിങ്ങൾ പറയുമെന്നും അദ്ദേഹം പരിഹസിച്ചു. എം.എം മണിയുടെ പ്രസ്താവനയില്‍ സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ നിലപാട് വ്യക്തമാക്കണം.  ഇത്രയും പിന്തിരിപ്പൻ ആശയത്തെ തലയിലേറ്റി നടക്കുന്നവരാണോ കേരളത്തിലെ സിപിഎം നേതൃത്വം എന്ന് വ്യക്തമാക്കിയേ മതിയാവൂ.

പുരോഗമന പാർട്ടിയാണെന്ന് പറയാൻ സിപിഎമ്മിന് അവകാശമില്ല. പുരോഗമന കേരളം നിങ്ങൾക്കെതിരെ ഉയർത്തുന്ന ചൂണ്ടുവിരലാണ് ഇതെന്ന് മറക്കരുത്. എന്ത് വില കൊടുത്തും കെ.കെ രമയെ സിപിഎം ആക്രമണത്തില്‍ നിന്ന് യുഡിഎഫ് സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഇടുക്കി പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment