വനിതാമതിലിനെതിരെ പ്രതിഷേധമിരമ്പി യു.ഡി.എഫ് മതേതര വനിതാ സംഗമം

Jaihind Webdesk
Saturday, December 29, 2018

UDF Vanithasangamam

വനിതാ ഏകോപന സമിതി പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ മതേതര വനിതാ സംഗമത്തിന് വൻ പങ്കാളിത്തം. മുഖ്യമന്ത്രി നവോത്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് വനിതാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ മതിൽ എന്ന ആശയം പുരുഷമേധാവിത്വ മസ്തിഷ്കത്തിൽ നിന്നും ഉദ്ഭവിച്ചതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തി വനിതാ മതിലിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയും മുഖ്യമന്ത്രിയും കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നു. ഇടതുപക്ഷത്തിന്‍റെ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രളയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ സർക്കാർ ശബരിമല യുവതീ പ്രവേശന വിഷയത്തെ ഉപയോഗിച്ചുവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി സ്ത്രീ സുരക്ഷയെപ്പറ്റി ചിന്തിക്കുന്നെങ്കിൽ ആദ്യം സ്വന്തം തട്ടകമായ കണ്ണൂരിലേക്ക് കണ്ണോടിക്കണമെന്നും അവിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വനിതാ ഏകോപന സമിതി പ്രസിഡന്‍റ് ലതികാ സുഭാഷ് ആമുഖപ്രസംഗം നടത്തി. ശശി തരൂർ എം.പി, വി.എസ് ശിവകുമാർ എം.എൽ.എ തുടങ്ങിയവരുള്‍പ്പെടെ നിരവധി നേതാക്കളും വനിതാപ്രവര്‍ത്തകരും  പങ്കെടുത്തു.

മഹിളകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു യു.ഡി.എഫ് കണ്ണുരിൽ സംഘടിപ്പിച്ച മതേതര വനിതാ സംഗമം. കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ നടന്ന വനിതാ സംഗമത്തിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. സംഗമം ഡി.സി.സി പ്രസിഡന്‍റ്സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി രമാനന്ദ് അധ്യക്ഷയായ ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി ദേശിയ സെക്രട്ടറി കെ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ശബരിമല വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് സി.പി.എം വനിതാ മതിലുമായി ഇറങ്ങിയിരിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ. വർഗീയ ശക്തികളെ കൂട്ടു പിടിച്ചാണോ എൽ.ഡി.എഫ് നവോത്ഥാനം സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയിൽ യു.ഡി.എഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്നി ബഹന്നാൻ. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആശാ സനിൽ ചടങ്ങിൽ അധ്യക്ഷയായിരുന്നു.

ആലപ്പുഴയിൽ നടത്തിയ മതേതര വനിതാ സംഗമം കെ.പി.സി.സി സെക്രട്ടറി പ്രൊഫ. കെ.കെ വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ചെയർപേഴ്സൺ സുജാ ജോഷ്വാ അധ്യക്ഷത വഹിച്ച യോഗത്തിൽ DCC പ്രസിഡന്‍റ് എം ലിജു, UDF ചെയർമാൻ M മുരളി, എ.എ ഷുക്കൂർ, സി രാജലക്ഷ്മി, ബീനാ കൊച്ചുബാവ, ബീനാ റസാക്ക്, ജോളി ഫിലിപ്പ്, മാന്നാർ അബ്ദുൾ ലത്തീഫ് , വി.സി ഫ്രാൻസിസ്, അഡ്വ. ബി രാജശേഖരൻ എന്നിവർ പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്ന പേരിൽ സർക്കാർ പണവും സംവിധാനങ്ങളു ദുരുപയോഗപ്പെടുത്തുന്ന നീക്കത്തെ എന്തു വില കൊടുത്തും നേരിടുമെന്ന് സർക്കാർ പിന്മാറാത്തപക്ഷം വൻ പ്രക്ഷോഭ പരിപാടിയുമായി മുമ്പോട്ടു പോകുമെന്നും UDF വനിതാ ഏകോപന സമിതി അറിയിച്ചു.

കോട്ടയത്ത് നടന്ന മതേതര വനിതാസംഗമം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സർക്കാരിന്‍റെ നിലനിൽപ്പിന് ഇളക്കം തട്ടുന്നു എന്ന് മനസിലായപ്പോൾ കണ്ടെത്തിയ മാർഗമാണ് വനിതാ മതിൽ എന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ നിലപാടുകൾ പലതും സ്ത്രീവിരുദ്ധമാണ്. വനിതാ മതിലിനായി ആളെക്കൂട്ടാൻ ശ്രമിക്കുന്ന പാർട്ടിയുടെ ആളുകൾ പള്ളി ആക്രമിക്കുകയും പെൺകുട്ടികളെ അപമാനിക്കുകയും ചെയ്തു. ഇടതുപക്ഷം ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ആത്മാർഥത ഇല്ലാത്തതാണ്. പിണറായി മാറി വനിതയെ മുഖ്യമന്ത്രിയാക്കാൻ തയാറാകുമോ എന്നും തിരുവഞ്ചൂർ ചോദിച്ചു. മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ശോഭ സലിമാൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് തുടങ്ങി നിരവധി നേതാക്കളും വനിതാപ്രവര്‍ത്തകരും പങ്കെടുത്തു.

പത്തനംതിട്ട ഡി.സി.സി സംഘടിപ്പിച്ച വനിതാ സംഗമം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു.
എ.ഐ.സി.സി അംഗം ദീപ്തി മേരി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ് തുടങ്ങി നിരവധി പ്രവർത്തകരും, വനിതകളും പരിപാടിയിൽ പങ്കെടുത്തു.

വനിതാമതിലിനെതിരെ പ്രതിഷേധമിരമ്പി മലപ്പുറത്തും മതേതര വനിതാ സംഗമം നടന്നു. കലക്ട്രേറ്റിന് മുന്നിൽ നടന്ന സംഗമത്തിൽ നൂറുകണക്കിന് വനിതകളാണ് പങ്കെടുത്തത്. മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്   വനിതാസംഗമം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. നിരവധി വനിതകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വനിതാസംഗമത്തിനെത്തിയത്. യു.ഡി.എഫ് വനിതാ നേതാക്കളായ ഡോ. ഹരിപ്രിയ, ഉഷാനായർ, സുഹ്റാ മമ്പാട്, ജൽസിമിയ തുടങ്ങിയവർ നേതൃത്വം നൽകി.

കാസർകോട് കാഞ്ഞങ്ങാട് നടത്തിയ വനിതാസംഗമം ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ ഉദ്ഘാടനം ചെയ്തു. വനിതാ ഏകോപന സമിതി ചെയർപേഴ്സൺ ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ എം.സി ഖമറുദീൻ യു.ഡി.എഫ് കൺവീനര്‍ K ഗോവിന്ദൻ നായർ, DCC പ്രസിഡന്‍റ് ഹക്കിം കുന്നേൽ, യു.ഡി.എഫ് വനിതാ ഏകോപന സമിതി കൺവീനർമാരായ ആയിശത്ത്, താഹിറ, ലക്ഷ്മി തമ്പാൻ, കമലാക്ഷി തുടങ്ങിയവരുള്‍പ്പെടെ നിരവധി പേര്‍ വനിതാസംഗമത്തില്‍ പങ്കെടുത്തു.