രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; കല്‍പ്പറ്റയില്‍ ഇന്ന് യുഡിഎഫിന്‍റെ വന്‍ പ്രതിഷേധ റാലി

വയനാട്: രാഹുൽ ​ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചുതകർത്ത് ജീവനക്കാരെ മർദിച്ച സംഭവത്തിൽ ഇന്ന് കല്‍പ്പറ്റയില്‍ വന്‍ പ്രതിഷേധ റാലി നടത്താന്‍ കോണ്‍ഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. യുഡിഎഫിലെ മറ്റ്  കക്ഷികളുടെ പ്രവർത്തകരും ഉച്ചയ്ക്ക് 2 മണിക്ക് നടത്തുന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കും.

രാഹുൽ ​ഗാന്ധിയുടെ ഓഫീസിന് മുന്നിൽ നിന്നാണ് റാലി ആരംഭിക്കുന്നത്. എസ്എഫ്ഐ നടത്തിയ ഗുണ്ടായിസത്തിനെതിരെ ആയിരങ്ങളെ അണിനിരത്തി പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തുടർന്ന് കൽപ്പറ്റ ടൗണിൽ പ്രതിഷേധയോഗവും നടത്തും. പോലീസിന്‍റെ സംരക്ഷണയിലായിരുന്നു എസ്എഫ്ഐ ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. ഓഫീസില്‍ കടന്നുകയറുകയും സ്റ്റാഫുകളെ മർദ്ദിക്കുകയും ചെയ്തപ്പോഴും പോലീസ് നിഷ്ക്രിയമായിരുന്നു. സിപിഎം നേതൃത്വത്തിന്‍റെ അറിവില്ലാതെ ഇങ്ങനെ സംഭവിക്കില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.  അതേസമയം സിപിഎം നേതൃത്വം അക്രമത്തെ അപലപിച്ചെങ്കിലും സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നത് വ്യക്തമാണ്. കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കള്‍ അക്രമത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം വന്‍ വിവാദമായതോടെ സർക്കാരിന് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു.

Comments (0)
Add Comment