കേന്ദ്രമന്ത്രി നദ്ദയുമായി യുഡിഎഫ് കൂടിക്കാഴ്ച നടത്തും; ആശാവര്‍ക്കര്‍ സമരത്തില്‍ ഇടപെടല്‍

Jaihind News Bureau
Friday, March 21, 2025

ആശാവര്‍ക്കര്‍ സമരത്തില്‍ യുഡിഎഫ് ഇടപെടല്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി യുഡിഎഫ് എംപി മാര്‍ കൂടിക്കാഴ്ച നടത്തും. മന്ത്രിയുടെ ചേംബറിലായിരിക്കും കൂടിക്കാഴ്ച നടത്തുക. നാല്പതു ദിവസമായി തുടരുന്ന ആശാവര്‍ക്കര്‍ സമരത്തില്‍ ഇടപെടണമെന്ന അഭ്യര്‍ത്ഥനയുമായാണ് സംഘം കേന്ദ്രമന്ത്രിയെ കാണുന്നത്.

ആശാവര്‍ക്കര്‍മാരുടെ വിഷയത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടികാഴ്ചയ്ക്ക് അനുമതി ലഭിക്കാതെ മടങ്ങിയ കാര്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ലോക് സഭയില്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ വ്യക്തത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയാണെന്ന് കെ സി വേണുഗോപാല്‍ സഭയില്‍ വെളിപ്പെടുത്തി . ഇത് പ്രശ്‌നം പരിഹരിക്കാന്‍ ഗുണകരമാകില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. വിഷയത്തില്‍ കെ സിക്ക് നേരിട്ട് ചേംബറില്‍ മറുപടി നല്‍കാമെന്ന് നദ്ദ വ്യക്തമാക്കി. ലോക്‌സഭയിലെ ഇന്നത്തെ ചര്‍ച്ചാ വിഷയം വേറെയായതിനാല്‍ സഭയില്‍ കൂടുതല്‍ മറുപടിക്കില്ലെന്നും നദ്ദ വിവരിച്ചു.കേന്ദ്രമന്ത്രിയെ കാണാന്‍ അവസരം ലഭിക്കാതെ മന്ത്രി വീണാ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നിന്ന് മടങ്ങിയ്ത് സമരസമിതിയ്ക്കിടയില്‍ വന്‍ നിരാശയും പ്രതിഷേധവുമാണ് ഉയര്‍ത്തിയത് ഇതിനു പിന്നാലെയാണ് യുഡിഎഫ് സംഘം കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ അറിയിച്ചു. കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.