ഒറ്റക്കെട്ടായി, കരുത്തോടെ യുഡിഎഫ്; ആവേശമായി തൃക്കാക്കര മണ്ഡലം കണ്‍വന്‍ഷന്‍

Jaihind Webdesk
Monday, May 9, 2022

കൊച്ചി : തൃക്കാക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷൻ പാലാരിവട്ടത്ത് നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് പ്രവർത്തകരുടെ ആവേശം അലതല്ലിയ കൺവൻഷനിൽ ആയിരങ്ങൾ പങ്കാളികളായി. നാടിന്‍റെ വികസനം തകർത്തവരാണ് ഇന്ന് യുഡിഎഫി നെ വികസന വിരുദ്ധരെന്ന് വിളിക്കുന്നതെന്നും കെഎസ്ആർടിസിയെ പോലും സംരക്ഷിക്കാൻ കഴിയാത്തവരാണ് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പറയുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു.

പിണറായി സർക്കാറിനെ തൃക്കാക്കരയിലെ ജനങ്ങൾ വിചാരണ ചെയ്യുന്ന ദിനമാണ് മെയ് 31 എന്നും സിപി എമ്മിന്‍റെ വികസന മുദ്രാവാക്യം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.

വികസനത്തെ സമരം ചെയ്ത് തോൽപ്പിച്ചവരാണ് സിപിഎം. ആ സിപിഎമ്മാണ് ഇപ്പോൾ വികസനത്തെ കുറിച്ച് പറയുന്നതെന്നും കോൺഗ്രസിന്‍റെ കൈയൊപ്പില്ലാത്ത ഒരു വികസനം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കട്ടേയെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി അഭിപ്രായപ്പെട്ടു.

ഇടതു സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും സിപിഎം ഏത് വികസനത്തിന്‍റെ പേരിലാണ് വോട്ട് ചോദിക്കുന്നതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സ്ഥാനാർത്ഥി ഉമാ തോമസ്, എംപിമാർ, എംഎൽഎമാർ, കെപിസിസി-ഡിസിസി ഭാരവാഹികൾ, വിവിധ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ കൺവൻഷനിൽ സംസാരിച്ചു.