ഇന്ധനവിലവര്‍ധനയ്ക്കെതിരെ പ്രതിഷേധമിരമ്പി യുഡിഎഫ് കുടുംബസത്യഗ്രഹം ; പങ്കെടുത്ത് നേതാക്കളും പ്രവര്‍ത്തകരും

Jaihind Webdesk
Saturday, July 10, 2021

തിരുവനന്തപുരം : പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കുടുംബസത്യാഗ്രഹം നടത്തി. 10 പത്ത് മണി മുതല്‍ 11 വരെയായിരുന്നു പ്രതിഷേധം. നേതാക്കള്‍ കുടുബാംഗങ്ങളോടൊപ്പം സത്യാഗ്രഹസമരത്തില്‍ പങ്കെടത്തു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി കണ്ണൂരിലെ വസതിയില്‍ കുടുംബസമേതം സത്യഗ്രഹത്തില്‍ പങ്കെടുത്തു.

വിലവര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബസത്യഗ്രഹം സൂചനസമരം മാത്രമാണ്. ലോക്ഡൗൺ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍, ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്‌സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൊച്ചിയില്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് പറഞ്ഞു. അധികനികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയം പുതുപ്പള്ളിയിലെ വസതിയിലും രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനർ എംഎം ഹസനും  ജഗതിയിലെ വസതിയിലും കുടുംബസമേതം സത്യഗ്രഹസമരത്തില്‍ പങ്കെടുത്തു. മഹാമാരി കാലത്ത് പാചകവാതക,  ഇന്ധനവില വര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. നേതാക്കളും പ്രവർത്തകരും വിവിധയിടങ്ങളില്‍ കുടുംബസമേതം സത്യഗ്രഹസമരത്തില്‍ പങ്കെടുത്തു.