തൊടുപുഴ മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ ഇരച്ചു കയറി കൗൺസിലറെ മർദ്ദിക്കുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്തിട്ട് ആറു ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി വൈ.എഫ്.ഐ നടത്തിയ നഗരസഭാ മാർച്ചിനിടെയാണ് പോലീസ് സാന്നിധ്യത്തിൽ കൗൺസിൽ ഹാളിൽ കയറി അക്രമം നടത്തിയത്.
ഡി.വൈ.എഫ്.ഐ.നേതൃത്വത്തിൽ തൊടുപുഴ മുനിസിപ്പൽ കൗൺസിൽ ഹാളിൽ കയറി നടത്തിയ അതിക്രമത്തിനെതിരെ ചെയർപേഴ്‌സന്‍റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ സത്യാഗ്രഹമിരുന്നതിന് ശേഷമാണ് കേസെടുക്കുവാൻ പോലീസ് തയ്യാറായത്. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അതിക്രമം നടത്തിയ പ്രവർത്തകരെ അറസ്റ്റു ചെയ്യുമെന്ന ഡിവൈഎസ്.പിയുടെ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധവുമായി യു.ഡി.എഫ്. രംഗത്തെത്തിയത്. എം.എം മണി മന്ത്രിയായിരിക്കുന്ന സർക്കാരിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്ന് ധർണ്ണ ഉൽഘാടനം ചെയ്ത റോയി.കെ.പൗലോസ് പറഞ്ഞു.
നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിനിടെ സർക്കിൾ ഇൻസ്‌പെക്ടറുടെ യൂണിഫോം വരെ വലിച്ച് കീറി പോലീസിന്‍റെ ലാത്തിയുമായാണ് ആറു പേർ കൗൺസിൽ ഹാളിൽ കടന്നു കയറി അക്രമണം നടത്തിയത്. കൗൺസിൽ ക്ലർക്കിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച മുൻ ചെയർമാൻ കൂടിയായ കൗൺസിലർ എ.എം.ഹാരിദിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഗുരുതര കുറ്റകൃത്യം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന പോലീസിനെതിരെ ചെയർപേഴ്‌സൺ ജസ്സി ആൻറണിയും കൗൺസിലർമാരും യു.ഡി.എഫ് നേതാക്കളും ധർണ്ണയിൽ പങ്കെടുത്തു. നഗരസഭാ കൗൺസിൽ ഹാളിൽ കയറി അതിക്രമം നടത്തിയ ഡി.വൈ.എഫ്.ഐ.ക്കാരെ അറസ്റ്റു ചെയ്യാത്ത നടപടിക്കെതിരെ തൊടുപുഴ മുൻസിപ്പൽ കൗൺസിൽ യോഗം ഏകകണ്ഠമായി പ്രമേയം പാസ്സാക്കി. പ്രൊഫസർ എം.ജെ.ജേക്കബ്.എം.എസ്.മുഹമ്മദ്. എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു.
https://youtu.be/wYulwF1_ARo