ഇന്നും ആളിക്കത്തി പ്രതിഷേധം ; ശിവന്‍കുട്ടിയുടെ രാജിക്കായി 140 മണ്ഡലങ്ങളിലും ധർണ്ണ നടത്തി യുഡിഎഫ്

Jaihind Webdesk
Wednesday, August 4, 2021

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ രാജിയിലുറച്ച് പ്രതിപക്ഷം. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് 140 നിയോജക മണ്ഡലങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ യുഡിഎഫ് ധർണ്ണ സംഘടിപ്പിച്ചു. നേമം നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച ധർണ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു.

ആഭാസത്തരം മാത്രം കൈമുതലായുള്ള വിദ്യാഭ്യാസമന്ത്രിയാണ് വി.ശിവൻകുട്ടിയെന്ന്  കെ.സുധാകരന്‍ പറഞ്ഞു. ശിവന്‍കുട്ടിക്ക് അർഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണ്.  നിയമസഭയില്‍ സ്പീക്കറുടെ കസേരയടക്കം തകർത്ത തറ ഗുണ്ടയാണ് വിദ്യാഭ്യാസമന്ത്രിയായത്. മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രി മന്ത്രിയെ ന്യായീകരിക്കുകയാണ്. സംരക്ഷിക്കുന്ന സിപിഎമ്മിന് നാണവും മാനവുമില്ല. അന്തസില്ലാത്ത സിപി എമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കൾ. സമരത്തിൻ്റെ അന്തസത്ത ഉൾക്കൊണ്ട് നേമത്തെ ഇടതുപക്ഷ പ്രവർത്തകർക്ക് തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച ധർണ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു.  നിയമസഭയിലെ അക്രമങ്ങളുടെ കേസിൽ എംഎൽഎമാർ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ജനങ്ങൾക്ക് നിയമവാഴ്ചയോടുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് വി.ഡി സതീശൻ പറഞ്ഞു. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ധർണ്ണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ധർണ്ണ  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലാവലിൻ കേസ് ഭയന്നാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശിവൻകുട്ടിയെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി വി ശിവൻകുട്ടി രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം.