ശബരിമല: സമരം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്

ശബരിമല വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്. ഇതിന്‍റെ ഭാഗമായി ഈ മാസം 17ന് സെക്രട്ടറിയേറ്റിന് മുന്നിലും കളക്ട്രേറ്റിന് മുന്നിലും യു.ഡി.എഫ് ധർണ നടത്തും. ശബരിമല വിഷയത്തിൽ നിയമസഭാകവാടത്തിൽ സത്യാഗ്രഹം നടത്തിയ എം.എൽ.എ മാർക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്.

നിയമസഭാ കവാടത്തിൽ സത്യാഗ്രഹം അവസാനിപ്പിച്ച് എത്തിയ എം.എൽ.എ മാർക്ക് യു.ഡി.എഫ് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. സത്യാഗ്രഹം നടത്തിയ എം.എൽ.എമാർക്ക് നൽകിയ സ്വീകരണത്തിന്‍റെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. 11 ദിവസം നീണ്ടുനിന്ന സമരം നിയമസഭാ ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രിയുടെ ധിക്കാരപരമായ നിലപാട് മൂലമാണ് സമരം ഒത്തുതീർപ്പാക്കാൻ തയാറാകാതിരുന്നത്. ഇതിന് കേരള ജനത അർഹിക്കുന്ന മറുപടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇടതു സർക്കാരിന് ശബരിമല വികസനത്തിൽ ഒന്നും അവകാശപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി പറഞ്ഞു. എം.എൽ.എ മാരായ എം.കെ മുനീർ, കെ.എം മാണി തുടങ്ങിയ ഘടകകക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

SabarimalaUDF Protestudf satyagraha
Comments (0)
Add Comment