സംസ്ഥാന സർക്കാർ പ്രവാസികളെ വഞ്ചിക്കുന്നുവെന്ന് രമേശ് ചെന്നിത്തല; കേരളത്തിലേത് മറ്റൊരു സർക്കാരും വയ്ക്കാത്ത നിബന്ധനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, June 25, 2020

സംസ്ഥാന സർക്കാർ പ്രവാസികളെ വഞ്ചിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റൊരു സർക്കാരും വെക്കാത്ത നിബന്ധനയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളോടുള്ള അവഗണനക്കെതിരെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ യുഡിഎഫിന്‍റെ പ്രതിഷേധ സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളെ സ്വീകരിക്കാൻ തയാറെന്ന് കൊട്ടിഘോഷിച്ച് പറഞ്ഞവർ ഇപ്പോൾ യു ടേൺ അടിച്ചെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. വി എസ് ശിവകുമാർ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്‍റ് ശരത് ചന്ദ്ര പ്രസാദ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ പി അനിൽ കുമാർ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മടങ്ങി വരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കുക , എംബസികളിൽ മാറ്റി വെച്ചിട്ടുള്ള തുക പ്രവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുക , സർക്കാർ മടങ്ങി വരുന്ന പ്രവാസികൾക്കായി പ്രഖ്യാപിച്ച 5000 രൂപ എത്രയും വേഗം നൽകുക എന്നി ആവശ്യങ്ങൾ മുൻ നിർത്തിയാണ് കേരളത്തിലെ 144 നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് ധർണ്ണ നടത്തിയത് .പ്രവാസികളെ നാട്ടിൽ കൊണ്ട് വന്ന് ചികിത്സിച്ച് ഭേദമാക്കൽ ആണ് സർക്കാരിന്‍റെ ഉത്തരവാദിത്വം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റൊരു സർക്കാരും വെക്കാത്ത നിബന്ധനകൾ വെച്ച് പ്രവാസികളെ വഞ്ചിച്ച സർക്കാരിനെതിരേ പ്രതിപക്ഷവും പ്രവാസ ലോകവും ഒന്നിക്കുകയാണ്. ഇഷ്ടമില്ലാത്ത വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമം സാമൂഹ്യ വിരുദ്ധരാണ് എന്ന് പറയുന്നത് തെറ്റാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പടാനുള്ള സാഹചര്യം ഒരുക്കി കൊടുത്തത് മുഖ്യമന്ത്രിയാണ് എന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. വിമാന കമ്പനികൾ പിപി ഇ കിറ്റിന്‍റെ ചിലവ് വഹിക്കണമെന്ന് പറയുന്നത് അതിന്‍റെ പേരിൽ തർക്കമുണ്ടാക്കി പ്രവാസികളുടെ വരവ് വൈകിപ്പിക്കാൻ ആണ്. മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോട് അലർജിയാണ്. കൊവിഡ് ലോകത്താകെ ദുരിതം വിതക്കുമ്പോൾ മുഖ്യമന്ത്രിക്കും സി പി എമ്മിനും ഇത് കൊയ്ത്തുകാലമാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ എങ്ങിനെ നാട്ടിൽ കാല് കുത്തിക്കാതിരിക്കാം എന്നത് ഗവേഷണം ചെയ്യുന്ന സർക്കാരാണിത് എന്ന് വി എസ് ശിവകുമാർ എം എൽ എ ചൂണ്ടിക്കാട്ടി. രോഗം ബാധിച്ച പ്രവാസികളെ നാട്ടിൽ എത്തിച്ചിരുന്നുവെങ്കിൽ ചികിത്സിച്ച് ഭേദമാക്കാമായിരുന്നു. പ്രവാസികളുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച് വീണവരുടെ ചിത്രം കാണുമ്പോൾ മുഖ്യമന്ത്രിക്ക് വിറളി പിടിക്കുന്നു എന്ന് സി എം പി സംസ്ഥാന സെക്രട്ടറി സി പി ജോൺ. കുടുങ്ങി കിടക്കുന്ന പൗരന്മാരെക്കൊണ്ട് വരാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഔത്സുക്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ ജിവന് കോഴിക്കുഞ്ഞിന്‍റെ ജിവന്‍റെ വില പോലും കൽപ്പിക്കാത്ത സർക്കാെരന്ന് കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ ചൂണ്ടിക്കാട്ടി. ആർ എസ് പി നേതാവും മുൻ മന്ത്രിയുമായ ബാബു ദിവാകരൻ, കെ പി സി സി വൈസ് പ്രസിഡന്‍റ് ശരത് ചന്ദ്ര പ്രസാദ് , ഡി സി സി അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും പങ്കെടുത്തു.