‘പി.ടിയും ഉമയും അത്രമേല്‍ പ്രിയപ്പെട്ടവർ’: കെട്ടിവെക്കാനുള്ള പണം കരുതി ലീലാവതി ടീച്ചർ; അനുഗ്രഹിച്ച് സാനുമാഷ്

Jaihind Webdesk
Saturday, May 7, 2022

 

കൊച്ചി: ”നീ വന്നില്ലെങ്കിലും എന്‍റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട്. ജയിച്ചുവരും”.  ലീലാവതി ടീച്ചറിന്‍റെ അനുഗ്രഹം തേടി വസതിയിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ ഈ വാക്കുകളോടെയാണ് ടീച്ചർ സ്വീകരിച്ചത്. പി.ടി ക്ക് തൃക്കാക്കരയിലെ രണ്ട് തെരഞ്ഞെടുപ്പിലും കെട്ടിവെക്കാൻ പണം നൽകിയ പതിവ് ഉമയുടെ കാര്യത്തിലും തെറ്റിച്ചില്ല. തെരഞ്ഞെടുപ്പിൽ കെട്ടി വക്കാനുള്ള പണം കയ്യിൽ കരുതിവെച്ചാണ് ടീച്ചർ ഉമയെ സ്വീകരിച്ചത്.

ഏറെ വൈകാരികമായ നിമിഷമായിരുന്നു ആ കൂടിക്കാഴ്ച. ടീച്ചറെ കണ്ട ഉമയുടെ കണ്ണുകൾ നിറഞ്ഞു. തന്‍റെ മാതാവിനോളം വാത്സല്യത്തോടെ ജീവിതത്തിൽ ചേർത്തുനിർത്തിയ ടീച്ചറിന്‍റെ അടുത്ത് ഇത്രയും വലിയ ഒരു ഉത്തരവാദിത്തമേറ്റെടുത്ത് എത്തിയപ്പോൾ ഉള്ള വൈകാരികത ഉമാ തോമസും പങ്കുവച്ചു. പി.ടിയുടെ മരണശേഷം ആ ഓർമകൾ എന്നും നിലനിർത്താൻ പി.ടിയെക്കുറിച്ച് എഴുതാൻ ടീച്ചർ പറയുമായിരുന്നു. ഇന്ന് പി.ടി യുടെ ഓർമ്മകകള്‍ നല്‍കുന്ന പിന്‍ബലത്തില്‍ അദ്ദേഹം തുടങ്ങിവെച്ച കാര്യങ്ങൾക്ക് തുടർച്ച നൽകുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് എന്നായിരുന്നു ഉമയുടെ വാക്കുകൾ.

‘രണ്ടു പേരും എന്‍റെ ശിഷ്യന്മാരാണ്. വിജയം ഉറപ്പാണ്, എന്‍റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട്’ എന്നായിരുന്നു സാനു മാഷിന്‍റെ വാക്കുകൾ. പി.ടി തോമസും ഉമാ തോമസുമായുള്ള വർഷങ്ങളുടെ ബന്ധമാണ് മാഷ് ഓർത്തെടുത്തത്. മഹാരാജാസ് കോളേജിലെ പഴയ വിദ്യാർത്ഥി നേതാക്കളായ ഉമയും പി.ടിയുമായി മാഷിനുള്ള ബന്ധം വളരെ വലുതാണ്. മഹാരാജാസ് കോളേജ് എന്ന വൈകാരികത ഉമാ തോമസിന്‍റെയും ലീലാവതി ടീച്ചറിന്‍റെയും, സാനുമാഷിന്‍റെയും കൂടിക്കാഴ്ചയിൽ നിഴലിച്ചു നിന്നു. പ്രിയപ്പെട്ടവരുടെ അനുഗ്രഹം വാങ്ങിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് മടങ്ങിയത്.