രാജീവ് ഗാന്ധിയുടെ പേരില്‍ ഐ.ടി പുരസ്‌കാരം ഏര്‍പ്പെടുത്തി ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ; കേന്ദ്രത്തിന് മറുപടി

Jaihind Webdesk
Wednesday, August 11, 2021

മുംബൈ:  ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ നിന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര നടപടിക്ക് പിന്നാലെ രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെ മികച്ച സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഐ.ടി പുരസ്‌കാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ രാജീവ് ഗാന്ധിയുടെ പേരുനല്‍കാന്‍ തീരുമാനിച്ചത്.

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികമായ ഓഗസ്റ്റ് ഇരുപതിന് പുരസ്‌കാരം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളെ ഒക്ടോബര്‍ മുപ്പതിനകം മാത്രമേ തെരഞ്ഞെടുക്കൂ. മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോര്‍പ്പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക. കഴിഞ്ഞ ആഴ്ചയാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന്റെ പേര് ‘മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം’ എന്ന് കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്.