ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

JAIHIND TV MIDDLE EAST BUREAU
Thursday, August 19, 2021

ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഓഗസ്റ്റ് 20 വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മുതല്‍ യുഎഇയിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധന നടത്താതെ യാത്രക്കാരെ ദുബായില്‍ എത്തിച്ചതിനെത്തുടര്‍ന്നാണു ചൊവ്വാഴ്ച വരെ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ദുബായ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു വിലക്ക് പിന്‍വലിച്ചത്.

യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്തണമെന്നാണ് നിര്‍ദേശം. ദുബായിലേക്കു വരുന്നതിന് ജിഡിആര്‍എഫ്എ അനുമതി നേടുന്നതിനൊപ്പം 48 മണിക്കൂറിനുള്ളിലും, 6 മണിക്കൂറിനുള്ളിലും രണ്ട് പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി.