ഇറാന്‍റെ ഭീഷണി : അപകടം നിറഞ്ഞ ആകാശ റൂട്ട് ഒഴിവാക്കാന്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ; നിര്‍ദേശം വേനലവധിക്കായി മലയാളി കുടുംബങ്ങള്‍ നാട്ടിലേക്ക് പറക്കാനിരിക്കെ

B.S. Shiju
Saturday, June 22, 2019

അപകട മേഖലകള്‍ നിറഞ്ഞ ആകാശ വഴികളിലൂടെയുള്ള വിമാന സര്‍വീസുകള്‍ ഒഴിവാക്കണമെന്ന് യു.എ.ഇയിലെ വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പ്. യു.എ.ഇയിലെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഏറെ സുപ്രധാനപരമായ ഉത്തരവ് ഇറക്കിയത്. ഇതോടെ അബുദാബി കേന്ദ്രമായ എത്തിഹാദ് വിമാനക്കമ്പനി ഇറാനിയന്‍ വ്യോമാതിര്‍ത്തിയിലൂടെയുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഗള്‍ഫ് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ വ്യോമയാന റൂട്ടുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയിലാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറെ മോശമായതാണ് ഇതിന് പ്രധാന കാരണം. ഒപ്പം യെമനിലെ ഹൂതികള്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നേരെയും ആക്രമണം ശക്തമാക്കിയതും ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഇതോടെ അപകട മേഖലകള്‍ നിറഞ്ഞ, ആകാശ വഴികളിലൂടെയുള്ള, വിമാന സര്‍വീസുകള്‍ ഒഴിവാക്കണമെന്ന് വിമാന കമ്പനികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. യു.എ.ഇ, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഏറെ സുപ്രധാനപരമായ ഉത്തരവ് ഇറക്കിയത്. പ്രധാനമായും ഇറാനിയന്‍ വ്യോമാതിര്‍ത്തിയിലൂടെയുള്ള വിമാന സര്‍വീസുകളെ ലക്ഷ്യമിട്ടാണിത്.

യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത വിമാന കമ്പനികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ മുന്നറിയിപ്പ്. പ്രാദേശികമായ സംഭവ വികാസങ്ങളും മുന്‍കരുതലും കണക്കിലെടുത്താണ് ഈ നടപടിയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വാം ആണ് ഈ മുന്നറിയിപ്പ് ആദ്യം പുറത്ത് വിട്ടത്. അതിനാല്‍ സംഘര്‍ഷം നിറഞ്ഞ മേഖലകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ പുനഃപരിശോധിക്കണമെന്ന മുന്നറിയിപ്പ് മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ വിമാന കമ്പനികളും അതീവ ഗൗരവമായി കണക്കാക്കുന്നു. പുതിയ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തുനിന്നുള്ള വിമാന സര്‍വീസുകളുടെ ആകാശ റൂട്ടുകള്‍ വഴി തിരിച്ചുവിടുമോ ചോദ്യവും ഉയരുന്നു. അടുത്ത ആഴ്ചയോടെ യു.എ.ഇയില്‍ രണ്ടുമാസത്തെ വേനല്‍ അവധിക്കായി സ്‌കൂളുകള്‍ അടക്കുകയാണ്. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ അതാത് രാജ്യങ്ങളിലേക്ക് വിമാന യാത്ര ചെയ്യുന്ന സമയത്ത് കൂടിയാണ് ഈ മുന്നറിയിപ്പ് എന്നും വിഷയത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.