യുഎഇയില്‍ വീസാ കാലാവധി കഴിഞ്ഞവര്‍ക്കു പിഴയില്ലാതെ രാജ്യം വിടാന്‍ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി ; തൊഴില്‍ വീസകളിലേക്ക് മാറാന്‍ അവസരം ; മലയാളികള്‍ക്ക് ആശ്വാസമാകും

B.S. Shiju
Tuesday, November 17, 2020

ദുബായ് : യുഎഇയില്‍ വീസാ കാലാവധി കഴിഞ്ഞത് മൂലമുള്ള കാലതാമസത്തിന്, പിഴയില്ലാതെ രാജ്യം വിടാനുള്ള സമയം 2020 ഡിസംബര്‍ 31 വരെ നീട്ടി. മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് നവംബര്‍ 17 ന്  അവസാനിക്കാന്‍ ഇരിക്കേയാണ് വീണ്ടും നീട്ടിയത്.

യുഎഇയില്‍ വീസാ കാലാവധി മാര്‍ച്ച് ഒന്നിന് മുന്‍പ് അവസാനിച്ച് , രാജ്യത്ത് തുടരുന്നവര്‍ക്ക്, ഈ വര്‍ഷം ഡിസംബര്‍ അവസാനമോ അതിന് മുന്‍പോ പിഴയൊടുക്കാതെ ഇനി പോകാനാകും. ദ് ഫെഡറല്‍ അതോറിറ്റി ഫോര്‍  ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റ്‌സ് ഐഡി, വര്‍ക് പെര്‍മിറ്റ് എന്നിവയില്‍ അടക്കം, ചുമത്തിയിട്ടുള്ള പിഴകളൊന്നും ഇനി ഇവര്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഐസിഎ ഫോറിന്‍ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.

ഇതോടെ, നിയമലംഘകരായി യുഎഇയില്‍ കഴിയുന്നവര്‍ക്ക് തൊഴില്‍ വീസയിലേയ്‌ക്കോ, മറ്റും മാറാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ്. കോവിഡ് ദുരിതം കണക്കിലെടുത്താണ് ഈ ഇളവ്. നേരത്തെ, മേയ് 14ന് ആരംഭിച്ച ഈ ഹ്രസ്വകാല പൊതുമാപ്പ് നവംബര്‍ 17 ന്  അവസാനിന്‍ ഇരിക്കേയാണ് ഈ പുതിയ പ്രഖ്യാപനം വന്നത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.