ഇസ്രായേലില്‍ യുഎഇയുടെ സ്ഥാനപതി കാര്യാലയം തുറന്നു ; നയതന്ത്രബന്ധത്തിന് പുതിയ പ്രതീക്ഷ

ദുബായ് : ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ യുഎഇയുടെ സ്ഥാനപതി കാര്യാലയം തുറന്നു. യുഎഇ ഇസ്രായേല്‍ നയതന്ത്രബന്ധത്തിന് പുതിയ വാതില്‍ തുറന്നിട്ടാണ് ഇത്തരത്തില്‍ എംബസി ഓഫീസ് തുറന്നത്.

അമേരിക്കയുടെ നേതൃത്വത്തില്‍ ഒപ്പുവെച്ച ഏബ്രഹാം അക്കോര്‍ഡ്‌സ് സമാധാന കരാറിനെ തുടര്‍ന്നാണ് യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമയാണ് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ യുഎഇയുടെ സ്ഥാനപതി കാര്യാലയം തുറന്നത്. യുഎഇ ഇസ്രായേല്‍ നയതന്ത്രബന്ധത്തിന് പുതിയ അധ്യായമായി ഈ ചരിത്ര നിമിഷം മാറി. ചടങ്ങില്‍ ഇസ്രായേലിന്‍റെ പുതിയ പ്രസിഡന്‍റ് ഇസാഖ് ഹെര്‍സോഗ്, യുഎഇ ഭക്ഷ്യ-ജലസുരക്ഷാ മന്ത്രി മറഖിയം അല്‍ മുഹൈരി, യുഎഇയുടെ സ്ഥാനപതി മുഹമ്മദ് അല്‍ ഖാജ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മധ്യപൂര്‍വദേശത്തെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഇവര്‍ സംസാരിച്ചു. യുഎഇയും ഇസ്രായേലും തമ്മില്‍ ഇതോടൊപ്പം ആദ്യത്തെ കരാര്‍ ഒപ്പിട്ടു. കാര്‍ഷിക മേഖലയിലെ സഹകരണം സംബന്ധിച്ചാണ് കരാര്‍ ഒപ്പുവെച്ചത്. അടുത്തിടെ ഇസ്രായേലി വിദേശകാര്യമന്ത്രി യൈര്‍ ലാപിഡ് യുഎഇ സന്ദര്‍ശിച്ചിരുന്നു. ഇതോടൊപ്പം അബുദാബിയില്‍ ഇസ്രായേലിന്‍റെ എംബസിയും ദുബായില്‍ കോണ്‍സുലേറ്റും ആരംഭിച്ചിരുന്നു.

Comments (0)
Add Comment