ജലീലിന് കുരുക്ക് മുറുകുന്നു; രണ്ട് വർഷമായി നയതന്ത്ര ബാഗേജിന് അനുമതിയില്ല; കസ്റ്റംസിന് പ്രോട്ടോക്കോൾ ഓഫീസറുടെ മറുപടി

Jaihind News Bureau
Tuesday, August 18, 2020

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണ സംഘത്തിന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ മറുപടി നൽകി. രണ്ട് വർഷത്തിനിടെ നയതന്ത്ര ബാഗേജിന് അനുമതി നല്‍കിയിട്ടില്ലെന്നും യുഎഇ കോൺസുലേറ്റ് അനുമതി തേടിയിട്ടില്ലെന്നുമാണ് മറുപടി . കസ്റ്റംസിനും എൻഐഎയ്ക്കും ഇത് സംബന്ധിച്ച് കത്ത് കൈമാറി. ഇതോടെ കെ.ടി. ജലീലിനും കുരുക്ക് മുറുകുകയാണ്. മതപഠന ഗ്രന്ഥങ്ങള്‍ എത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്നായിരുന്നു നേരത്തെ ജലീലിന്‍റെ വാദം.

നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ വരുമ്പോള്‍ നികുതിയിളവിനായി സര്‍ട്ടിഫിക്കറ്റ് വേണ്ടതുണ്ടോ? ഇത് വിശദമാക്കുന്ന ഹാന്‍ഡ്ബുക്കിന്‍റെ പകര്‍പ്പ്; 2019 മുതല്‍ 2021 വരെയുളള കാലത്ത് എത്രതവണ ഇളവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്? ഇതിന്‍റെ പകര്‍പ്പ് എന്നിവയിലാണ് കസ്റ്റംസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്.

ഇതിനുളള മറുപടിയായാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം നല്‍കിയത്. 2019 മുതല്‍ 21 വരെയുളള കാലഘട്ടത്തില്‍ ഇളവ് സര്‍ട്ടിഫിക്കറ്റിനായി യുഎഇ കോണ്‍സുലേറ്റോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു.

നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ നികുതി ഇളവ് ലഭിക്കുന്നതിനായി 20 ലക്ഷത്തിന് മുകളില്‍ മൂല്യം വരുന്ന പാക്കേജാണെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റേയും 20 ലക്ഷത്തില്‍ താഴെയാണെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്‍റെയും രേഖാമൂലമുളള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇക്കാര്യം 2018-ലെ പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ പകര്‍പ്പും കസ്റ്റംസിന് നല്‍കിയിട്ടുണ്ട്.

ഇമെയിലായും സ്പീഡ്‌പോസ്റ്റ് വഴിയുമാണ് കസ്റ്റംസിന് മറുപടി നല്‍കിയിരിക്കുന്നത്. എന്‍.ഐ.എയും സമാനമായ രീതിയില്‍ സമന്‍സ് അയച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്‍.ഐ.എയ്ക്കുളള മറുപടി ഇന്നോ നാളെയോ നല്‍കാനാണ് പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ തീരുമാനം.

teevandi enkile ennodu para