യു.എ.ഇ സഹിഷ്ണുതയുടെ ഉത്തമ മാതൃകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വിവിധ സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ് യു.എ.ഇ. യു.എ.ഇ സഹിഷ്ണുതയുടെ വര്‍ഷമായി ആചരിക്കുന്ന 2019ലെ തന്‍റെ സന്ദര്‍ശനം ഇതിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പതിറ്റാണ്ടുകളായി യു.എ.ഇയും ഇന്ത്യയും തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്നും ഇത് പരസ്പര വിശ്വാസത്തിലൂടെയും ഇരു രാജ്യങ്ങളുടെയും സൌഹാര്‍ദപരമായ ഇടപെടലുകളിലൂടെയുമാണ് സാധ്യമാകുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. 38 ലക്ഷം ഇന്ത്യക്കാരുടെ രണ്ടാമത്തെ വീടായാണ് യു.എ.ഇ നിലകൊള്ളുന്നത്. യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ ഒരുക്കലും ഒരു അപരിചിതത്വം തോന്നിയിട്ടില്ലെന്ന് പറഞ്ഞ രാഹുല്‍ തന്‍റെ ഹൃദയത്തോട് ചേര്‍ന്നാണ് യു.എ.ഇയുടെ സ്ഥാനമെന്നും വ്യക്തമാക്കി.
21-ാം നൂറ്റാണ്ടില്‍ മാതൃകയാക്കേണ്ട രാജ്യമാണ് യു.എ.ഇ എന്ന് പറഞ്ഞ രാഹുല്‍ നിരവധി കാര്യങ്ങള്‍ നമ്മള്‍ ഇവിടെനിന്ന് പഠിക്കാനുണ്ടെന്നും വ്യക്തമാക്കി.
പ്രവാസികളോടുള്ള തന്‍റെ സ്നേഹവും രാഹുല്‍ പങ്കുവെച്ചു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ മനസിലാക്കാനും പരമാവധി പേരുമായി ആശയവിനിമയം നടത്തുവാനും യു.എ.ഇ സന്ദര്‍ശനത്തില്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പ്രവാസികള്‍ ഇന്ത്യ പടുത്തുയര്‍ത്തുന്നതില്‍ തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രവാസികള്‍ കേവലം നമ്മുടെ രാജ്യത്തിന്‍റെ പ്രതിനിധികള്‍ മാത്രമല്ല, മറിച്ച് ശക്തമായ, അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നവരാണെന്നും രാഹുല്‍ പറഞ്ഞു.
ആസന്നമാകുന്ന തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണസജ്ജമാണെന്നും ഇതിന്‍റെ തെളിവാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്‍റെ മിന്നുന്ന പ്രകടനമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യം എക്കാലത്തെയും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും രാഹുല്‍ ഗാന്ധി തുടര്‍ന്നു. എല്ലാ പ്രവര്‍ത്തകരും മികച്ച രീതിയില്‍, ഊര്‍ജസ്വലമായ പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നിന്ന് മികച്ച വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. യു.എ.ഇ സന്ദര്‍ശനത്തിന് മുന്നോടിയായി ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് യു.എ.ഇയുമായുള്ള തന്‍റെ ഹൃദയബന്ധം രാഹുല്‍ ഗാന്ധി പങ്കുവെച്ചത്.