ആഴക്കടലിലും യൂ ടേണ്‍ ; ഇഎംസിസിയുമായുള്ള കരാർ റദ്ദാക്കിയേക്കും ; പ്രതിപക്ഷ നേതാവിന് മുന്നില്‍ മുട്ടുമടക്കി സർക്കാർ

Jaihind News Bureau
Sunday, February 21, 2021

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ മത്സ്യ സമ്പത്ത് വിദേശകമ്പനിക്ക് തീറെഴുതാനുള്ള വിവാദ കരാറിലും യൂ ടേണടിച്ച് തലയൂരാന്‍ സർക്കാർ നീക്കം. കരാർ സംബന്ധിച്ച ധാരണാപത്രം പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി നിർദേശം നല്‍കി. ഇഎംസിസിയുമായുള്ള 5000 കോടിയുടെ കരാറിലെ  നിയമലംഘനങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെളിവുകള്‍ സഹിതം പുറത്തുകൊണ്ടുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് സർക്കാരിന്‍റെ നീക്കം.

തുടക്കത്തില്‍ ഇങ്ങനെയൊരു കരാറിനെക്കുറിച്ച് അറിയുകയേയില്ല എന്ന നിലപാട് സ്വീകരിച്ചിരുന്ന സർക്കാരിന് പിന്നീട് പ്രതിപക്ഷ നേതാവ് തെളിവുകള്‍ ഒന്നൊന്നായി പുറത്തുവിട്ടതോടെ കരാർ ഉണ്ടെന്ന് സമ്മതിക്കേണ്ടിവന്നു. ഇതിനെച്ചൊല്ലി ഫിഷറീസ് വകുപ്പും വ്യവസായ വകുപ്പുകളും തമ്മില്‍ കൊമ്പുകോർക്കുകയും ചെയ്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി മുഖം രക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും ശ്രമിച്ചത്.

കരാർ സംബന്ധിച്ച് സര്‍ക്കാർ അറിഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാരുമായി ഒരു ധാരണാപത്രവും ഒപ്പുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചു. എന്നാല്‍ ഇന്ന് സർക്കാരുമായി ഇഎംസിസി നടത്തിയ ധാരണാപത്രത്തിന്‍റെ കോപ്പി തന്നെ പ്രതിപക്ഷനേതാവ് പുറത്തുവിട്ടു. ഇതുള്‍പ്പെടെ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും വാദങ്ങള്‍ പൂർണമായും പൊളിക്കുന്ന രണ്ട് നിർണായക തെളിവുകള്‍ കൂടി രമേശ് ചെന്നിത്തല പുറത്തുവിട്ടതോടെ സർക്കാരിന്‍റെ നില തീർത്തും പരുങ്ങലിലായി.

ഇഎംസിസി അസന്‍റില്‍ വെച്ച് സർക്കാരുമായി ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത് നാലേക്കർ ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവുമാണ് ഇന്ന് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.  ഫിഷറീസ് നയത്തിന് വിരുദ്ധമാണെങ്കില്‍ ധാരണാപത്രം ഒപ്പിട്ടത് എന്തിനെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഫിഷറീസ് മന്ത്രിക്കൊപ്പം ഇഎംസിസി പ്രതിനിധികള്‍ മുഖ്യമന്ത്രിയേയും കണ്ടതായും രമേശ് ചെന്നിത്തല വെളിപ്പെടുത്തി. ഇക്കാര്യം ശരിവെച്ച് ഇഎംസിസി പ്രസിഡന്‍റും രംഗത്തെത്തി. കള്ളം കയ്യോടെ പിടിച്ചപ്പോഴുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൊതുജനത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും മുഖം നഷ്ടമായതോടെയാണ് ഇപ്പോള്‍ പുതിയ നീക്കം. പ്രതിപക്ഷ നേതാവ് തെളിവ് സഹിതം ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്കോ വകുപ്പ് മന്ത്രിമാർക്കോ കഴിഞ്ഞില്ല. തുടക്കം മുതല്‍ തന്നെ ദുർബലമായ ന്യായീകരണങ്ങളാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും വിഷയത്തില്‍ നടത്തിയത്. ഏതായാലും ധാരണാപത്രം പുനഃപരിശോധിക്കാനുള്ള സർക്കാർ നീക്കം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ്.