ഹുവായ്ക്കെതിരായ ക്യാംപയിൻ ശക്തമാക്കി അമേരിക്ക

ചൈനീസ് മൊബൈൽ കമ്പനിയായ ഹുവായ്ക്കെതിരെ ക്യാംപയിൻ ശക്തമാക്കി അമേരിക്ക. ഹുവായ് ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് ചാരസംഘടനയ്ക്ക് കൈമാറുന്നുണ്ടെന്നാണ് ആരോപണം. രാജ്യത്തിലെ പൗരൻമാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്‍റെ സുരക്ഷയ്ക്കും കമ്പനി വെല്ലുവിളിയാണന്ന് യു.എസ് പറയുന്നു.

രണ്ട് മാസങ്ങൾക്ക് മുമ്പ് ഹുവായ് ഉടമയെ കാനഡയിൽ അറസ്റ്റ് ചെയ്യുകയും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഹുവായ് വിരുദ്ധ ക്യാംപയിന് അമേരിക്കയെ പ്രേരിപ്പിച്ചത്. എന്നാൽ ക്യാംപയിനിലൂടെ കമ്പനിയുടെ വളർച്ചയെ തടുക്കാനായില്ലെന്ന് വിലയിരുത്തുന്നു. ചെറിയൊരു മാന്ദ്യം മാത്രമാണ് കമ്പനി നേരിട്ടതെന്നും സി.എൻ.എന്നിന്‍റെ പഠനത്തിൽ പറയുന്നുണ്ട്. മറ്റു കമ്പനികൾ ഇതുവരെ കണ്ടുപിടിക്കാത്ത അഞ്ചാം തലമുറ മൊബൈലുകളാണ് ഹുവായ് ഇപ്പോൾ നിർമിക്കുന്നത്. ആപ്പിളിനേക്കാൾ ഹവായ് ഫോണിന് വിലയും തുച്ഛമാണ്. അതുകൊണ്ട് വരും വർഷങ്ങളിൽ യൂറോപ്പടക്കമുള്ള മാർക്കറ്റിൽ ഹുവായ് മുന്നേറുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

ക്യാംപയിനിലൂടെ ഹുവായിയുടെ യൂറോപ്യൻ, ഏഷ്യാ-പസഫിക്ക് മാർക്കറ്റിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ബീജിങിലുള്ള ഫോറെസ്റ്റർ അനലിസ്റ്റ് ചാർലി ദായ് പറഞ്ഞു. പക്ഷെ ഭാവിയിൽ ഹവായുടെ മാർക്കറ്റിനെ തകർക്കാൻ അമേരിക്കയ്ക്ക് ആകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വ്യാപര രഹസ്യങ്ങളും ചോർത്തിയെന്നും ബാങ്ക് വഞ്ചന നടത്തി എന്നും ആരോപിച്ചാണ് കേസ്. എന്നാൽ അമേരിക്ക മനപ്പൂർവം സൃഷ്ടിച്ച കേസുകളാണിതെല്ലാമെന്ന നിലപാടിലാണ് ഹുവായ്.

Comments (0)
Add Comment