അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ടു ജയ്ഷെ ഭീകരർ കൊല്ലപ്പെട്ടു

Jaihind Webdesk
Wednesday, June 19, 2019

തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ജയ്ഷെ ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിനുപയോഗിച്ച വാഹനത്തിന്‍റെ ഉടമയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.

അനന്ത്നാഗ് ജില്ലയിലെ മഹർമ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സജാദ് അഹമ്മദ് ഭട്ട്, തസ്വീഫ് അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. ഇരുവരും മഹർമ ഗ്രാമത്തിലെ സ്വദേശികളാണ്. ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ ഉപയോഗിച്ച കാർ സജാദിന്‍റെ ആണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിരുന്നു. മാരുതി എക്കോ കാർ ആണ് ആക്രമണത്തിന് ഉപയോഗിച്ചത്.

അതിനിടെ, കഴിഞ്ഞ ദിവസം അനന്ത്നാഗിലെ തന്നെ അക്കാബലിൽ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് കോളജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെക്കി അക്കാബൽ സ്വദേശിയായ നിസാർ അഹമ്മദ് മിറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി പോലീസ് കസ്റ്റഡിയിലെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഏറ്റുമുട്ടലിൽ കരസേനാ മേജർ വീരമൃത്യു വരിച്ചിരുന്നു. ഒരു ഭീകരനും കൊല്ലപ്പെട്ടു. യുപിയിലെ മീററ്റ് സ്വദേശി മേജർ കേതൻ ശർമയാണ് വീരമൃത്യു വരിച്ചത്. നേരത്തേ ഡൽഹിയിലെത്തിച്ച മേജർ ശർമയുടെ ഭൗതികദേഹത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കരസേനാ മേധാവി ബിബിൻ റാവത്ത് എന്നിവർ പുഷ്പചക്രം അർപ്പിച്ചു.