ഇടതുമുന്നണിയിലെ രണ്ട് പാര്‍ട്ടികള്‍ പിളര്‍പ്പിലേക്ക് ; എന്‍സിപിക്കും ജനതാദള്‍ എസിനും നാളെ നിര്‍ണായകം

Jaihind Webdesk
Wednesday, October 14, 2020

 

തിരുവനന്തപുരം: ഇടതുമുന്നണിയിലെ രണ്ട് പാര്‍ട്ടികള്‍ പിളര്‍പ്പിലേക്ക്. എന്‍സിപിക്കും ജനതാദള്‍ എസിനും നാളെ നിര്‍ണായകം. പാല സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് എന്‍സിപിയെ പിളര്‍പ്പിലേക്ക് നയിക്കുന്നത്. സിറ്റിങ് എംഎല്‍എയായ മാണി സി കാപ്പന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നേതൃത്വം രഹസ്യമായി നടത്തുന്നത്. കാപ്പനെ ഒഴിവാക്കി ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ഉറപ്പാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. എന്നാല്‍ യാതൊരുകാരണവശാലും പാല സീറ്റ് ജോസ് കെ മാണിക്ക് നല്‍കില്ലെന്നും പാല തന്‍റെ ചങ്കാണെന്നും കാപ്പന്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. കാപ്പന് എന്‍സിപി കേന്ദ്രനേതൃത്വത്തിന്‍റെ പിന്തുണയുമുണ്ടെന്നാണ് സൂചനകള്‍.

കാപ്പന് പാല സീറ്റ് നിഷേധിക്കുകയാണെങ്കില്‍ ഇടതുമുന്നണി തന്നെ വിടണമെന്ന ശക്തമായ അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. അതേസമയം ഗതാഗതമന്ത്രി എകെ ശശീന്ദ്രന് എലത്തൂര്‍ മണ്ഡലം നിലനിര്‍ത്തണമെങ്കില്‍ സിപിഎമ്മിന്‍റേയും ഇടതുമുന്നണിയുടേയും പിന്തുണ അനിവാര്യമാണ്. ഇടതുപക്ഷത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും ശക്തമായ കൂറ് പുലര്‍ത്തുന്നശശീന്ദ്രന്‍ എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാല വിട്ടൊരു കളിക്കും മാണി സി കാപ്പന്‍ തയ്യാറല്ല.

ഇപ്പോള്‍ തന്നെ എന്‍സിപിയില്‍ കാപ്പന്‍ ചേരിയില്‍ ശശീന്ദ്രന്‍ ചേരിയും പാര്‍ട്ടിക്കുള്ളില്‍ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലുമാണ്. ഈ പശ്ചാത്തലത്തിലാണ് എന്‍സിപി സംസ്ഥാന സമിതിയോഗം നാളെ കൊച്ചിയില്‍ ചേരുന്നത്. കാപ്പന് അനുകൂലമായ വികാരമാണ് എന്‍സിപിയില്‍ ഒരു വലിയ വിഭാഗത്തിനുള്ളത്. നാളെത്തെ കൊച്ചിയിലെ യോഗം പിളര്‍പ്പിന് ആക്കം കൂട്ടുമെന്നാണ് സൂചനകള്‍.

അതേസമയം ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ സി.കെ നാണുവിന്‍റെ  നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയെ പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡ പിരിച്ചുവിട്ടിരിക്കുകയാണ്. മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും മാത്യു.ടി. തോമസുമായുള്ള തര്‍ക്കമാണ് സി.കെ നാണുവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് പിരിച്ചുവിടപ്പെട്ടത്. നാളെ നാണു വിഭാഗം സംസ്ഥാന സമിതി യോഗം ചേര്‍ന്നിരുന്നെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് യോഗം മാറ്റിവയ്പ്പിച്ചിരിക്കുകയാണ്.

ജനതാദള്‍ എസിലും ഒരു പിളര്‍പ്പ് മുന്‍കൂട്ടി കണ്ട സിപിഎം നേതൃത്വം പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ ഇടതുമുന്നണിയില്‍ രണ്ട് ജനതാദള്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്നും ഒരു പിളര്‍പ്പുണ്ടായാല്‍ ഒരു ജനതാദളിനെ കൂടി ഉള്‍ക്കൊള്ളാന്‍ ഇടതുമുന്നണിക്ക് ശേഷിയില്ലെന്നുമാണ് ഒരു സിപിഎം നേതാവ് ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചത്. എന്തായാലും നാളെത്തെ എന്‍സിപി യോഗവും ജനതാദളിലെ പടലപിണക്കവും ഇടതുനേതൃത്വത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് സൂചനകള്‍.