കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ശബരിമല തീർഥാടനം, പത്രം, പാൽ, ആശുപത്രികൾ, ടൂറിസം എന്നീ മേഖലകളിലുള്ളവർ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. ശബരിമല ഒഴികെയുള്ള കെ.എസ്.ആർ.ടി. സി സർവീസുകൾ മുടങ്ങി. ട്രെയിനുകൾ തടയില്ലെന്നാണു നേരത്തേ പ്രഖ്യാപിച്ചതെങ്കിലും തിരുവനന്തപുരം ഉൾപ്പെടെയുളള സ്ഥലങ്ങളിൽ ട്രെയിനുകൾ തടയുന്നുണ്ട്. പണിമുടക്ക് ഹര്‍ത്താലിന്റെ തലത്തിലേക്ക് മാറരുതെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം ഇന്ന് പതിവ് പോലെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദീൻ അറിയിച്ചു. അക്രമം ഉണ്ടായാൽ അവരുടെ പേരിൽ നടപടി എടുക്കുകയും നഷ്ട പരിഹാരത്തുക ഈടാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്വർണവ്യാപാര സ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നും നാളെയും തുറന്നുപ്രവര്‍ത്തിക്കും. എ.ടി.എമ്മുകളും പ്രവര്‍ത്തിക്കും.
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതു ഗതാഗതത്തിന് പോലീസ് സുരക്ഷ നല്‍കും. ശബരിമല തീർഥാടകർക്ക് ആവശ്യമായ സഹായങ്ങളും ലഭ്യമാക്കും. പണിമുടക്കിന്റെ പേരില്‍ കടകളോ സ്ഥാപനങ്ങളോ അടപ്പിക്കാന്‍ ശ്രമിച്ചാലോ വ്യക്തികള്‍ക്കെതിരെ ആക്രമണങ്ങളുണ്ടായാലോ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.