പമ്പയിലേക്കുള്ള രണ്ട് ബസ് സർവീസുകള്‍ പുനഃരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ; അവലോകനയോഗം ചേര്‍ന്നു

പത്തനംതിട്ട : പമ്പയിലേക്കുള്ള മുടങ്ങിക്കിടന്ന രണ്ടു ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യർ. കർക്കിടമാസ പൂജകൾക്കായി ശബരിമല നട തുറന്നിരിക്കെ വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയ ശേഷം നടന്ന അവലോകന യോഗത്തിലാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്.

കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം- പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുനരാരംഭിക്കുക. കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

20, 21 (ചൊവ്വ, ബുധന്‍) തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. മഴ കൂടുന്ന സാഹചര്യമായതിനാല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാത ശുചീകരിക്കണം. തീര്‍ത്ഥാടക പാതയില്‍ കൂടുതല്‍ ആളുകളെ നിര്‍ത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടേയും സഹായം തേടാം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനോടൊപ്പം കൊതുക് നശീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളും സ്വീകരിക്കണം. മികച്ച പ്രവര്‍ത്തനമാണ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നടത്തുന്നത്.

പ്രതിദിനം പതിനായിരം പേര്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ തയാറാണ്. ദിവസേന 20 കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്ന തീര്‍ത്ഥാടനമാണ് ലക്ഷ്യമിടുന്നതെന്നും കളക്ടര്‍ പറഞ്ഞു.

പമ്പ ഹില്‍ടോപ്പ്, പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, റാന്നി തഹസില്‍ദാര്‍ കെ നവീന്‍ ബാബു, അടൂര്‍ തഹസില്‍ദാര്‍ ഡി സന്തോഷ് കുമാര്‍, പമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി ഗോപകുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments (0)
Add Comment