നിയമനത്തിന് പിന്നാലെ പടിയിറക്കം; ട്വിറ്ററിന്‍റെ ഇന്ത്യയിലെ പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു

Jaihind Webdesk
Monday, June 28, 2021

ന്യൂഡല്‍ഹി : നിയമിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാജിവെച്ച് ട്വിറ്ററിന്‍റെ ഇന്ത്യയിലെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍. ധര്‍മേന്ദ്ര ചതൂറാണ് രാജിവെച്ചത്. പുതിയ ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ പ്രതികരിച്ചിട്ടുണ്ട്. ട്വിറ്ററും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് രാജി എന്നതാണ് ശ്രദ്ധേയം.

50 ലക്ഷത്തില്‍ കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പ്രധാന ഉദ്യോഗസ്ഥരെ നിയമിക്കണം എന്നാണ് മെയ് 25 മുതല്‍ പ്രബല്യത്തില്‍ വന്ന ഐടി നിയമപ്രകാരമുള്ള നിര്‍ദേശം. ഈ ഉദ്യോഗസ്ഥര്‍ എല്ലാം ഇന്ത്യക്കാര്‍ തന്നെ ആയിരിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന ട്വിറ്റര്‍  സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് പോകാനൊരുങ്ങിയതോടെയാണ് നിലപാട് മാറ്റിയത്. എന്നാല്‍ നിയമിച്ച് ദിവസങ്ങള്‍ക്കകം ഈ ഉദ്യോഗസ്ഥന്‍ രാജിവെച്ചിരിക്കുകയാണ്.

നേരത്തെ പുതിയ ഐടി നയപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെ ട്വീറ്റും ചെയ്തിരുന്നു. പിന്നാലെ ‘കോപ്പിറൈറ്റ്’ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ അക്കൗണ്ട്‌ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.