തുര്‍ക്കി-സിറിയ ഭൂചലനം; മരണം 8000 കടന്നു; കനത്ത മഞ്ഞു വീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് തടസം

Jaihind Webdesk
Wednesday, February 8, 2023

ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 8000 കടന്നു. തുര്‍ക്കിയില്‍ മാത്രം 5800ലേറെ പേരാണ് മരിച്ചത്. സിറിയയില്‍ മരണം 1800 കടന്നു. കഠിനമായ തണുപ്പ് ഇരു രാജ്യങ്ങളിലെയും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാവുകയാണ്.അതേസമയം തുര്‍ക്കിയില്‍ പ്രസിഡന്‍റ്  തയിപ് എര്‍ദോഗന്‍ 3 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഏകദേശം 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

അതേ സമയം, തുടർ ഭൂചലനങ്ങളിൽ വൻ തിരിച്ചടി നേരിട്ട തുര്‍ക്കിയിലേക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹമാണ്. അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുർക്കിയിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതര്‍ലന്‍ഡസും തുര്‍ക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിന്‍റെ നടുക്കത്തിലാണ് ലോകം. വലിയ നാശനഷ്ടങ്ങള്‍ നേരിടുന്ന തുര്‍ക്കിയിലെ കാഴ്ചക്കള്‍ വേദനിപ്പിക്കുന്നതാണ്. കനത്ത മഴയും മഞ്ഞും വൈദ്യുതി ബന്ധങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. എങ്കിലും ഭൂചലനം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ ആദ്യ ദിവസമുണ്ടായ തുടർ ചലനങ്ങൾ നിലച്ചതാണ് പ്രധാന ആശ്വാസം.