Zohran Mamdani| ട്രംപിന് പ്രഹരം; ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍

Jaihind News Bureau
Wednesday, November 5, 2025

 

ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് വിഭാഗത്തില്‍ നിന്നുള്ള മംദാനി ന്യൂയോര്‍ക്ക് നഗരത്തിന്റെ 111-ാമത് മേയറാകും. ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം മതവിഭാഗത്തില്‍ നിന്നും ഒരാള്‍ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് മംദാനി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരുള്‍പ്പെട്ട ത്രികോണ മത്സരത്തെ അതിജീവിച്ചാണ് മംദാനിയുടെ വിജയം.

മംദാനിയുടെ വിജയം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുരോഗമന വിഭാഗത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. നഗരത്തിലെ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ‘അഫോര്‍ഡബിലിറ്റി’ എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ മുഖ്യ ആകര്‍ഷണമായത്. വാടക വര്‍ദ്ധനവ് മരവിപ്പിക്കുക, ബസ് യാത്ര സൗജന്യമാക്കുക, അതിസമ്പന്നര്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ശക്തമായ നിലപാടുകള്‍ യുവാക്കളിലും ആദ്യമായി വോട്ട് ചെയ്യുന്നവരിലുമടക്കം വലിയ ആവേശമുണ്ടാക്കി.

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായര്‍ ആണ് മംദാനിയുടെ മാതാവ്. അച്ഛന്‍ മഹമൂദ് മംദാനി കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും ബോംബെയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമിക്കുമാണ്. ഉഗാണ്ടയില്‍ ജനിച്ച മംദാനി, ഏഴാം വയസ്സില്‍ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കുകയും 2018-ല്‍ അമേരിക്കന്‍ പൗരനാകുകയും ചെയ്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പ് മംദാനിക്ക് നേരിടേണ്ടി വന്നിരുന്നു. അദ്ദേഹത്തിന്റെ വിജയമുണ്ടായാല്‍ ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു. എങ്കിലും, ഈ വെല്ലുവിളികളെല്ലാം അതിജീവിച്ച മംദാനി ന്യൂയോര്‍ക്ക് സിറ്റിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. 2026 ജനുവരി 1-ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേല്‍ക്കും.