മെക്‌സിക്കോ അതിർത്തിയിൽ കോൺക്രീറ്റ് മതിലിനു പകരം ഉരുക്കുവേലിയാണെങ്കിലും മതിയെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസിലെ ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനു ഡെമോക്രാറ്റുകളുമായി നടത്തുന്ന ചർച്ച വിജയിച്ചേക്കുമെന്ന് ഇതോടെ പ്രതീക്ഷയേറി.
മതിലിനായി 500 കോടി ഡോളറിൻറെ ഫണ്ടു വേണമെന്ന ട്രംപിന്‍റെ ആവശ്യം ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ നിരാകരിച്ചതാണ് ട്രഷറി സ്തംഭനത്തിന് ഇടയാക്കിയത്. ഇതിന്‍റെ ഫലമായി ഫെഡറൽ ജീവനക്കാരുടെ ശമ്പളവും മറ്റും മുടങ്ങി.
ഡെമോക്രാറ്റ് നേതാക്കളായ സ്പീക്കർ നാൻസിപെലോസി സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക് ഷുമർ എന്നിവരുമായി വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് നടത്തിയ ചർച്ച ഫലപ്രദമായിരുന്നുവെന്നു ഞായറാഴ്ച ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു.
മെക്‌സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിലെ സുരക്ഷ ശക്തമാക്കിയേ മതിയാവൂ എന്നു ട്രംപ് ചൂണ്ടിക്കാട്ടി. കോൺക്രീറ്റ് മതിലിനോടാണ് പ്രതിപക്ഷത്തിന് എതിർപ്പ്. പകരം ഉരുക്കുവേലി നിർമിക്കാനാണ് ഇപ്പോൾ ആലോചന. ഡെമോക്രാറ്റുകൾ ഫണ്ട് അനുവദിച്ചില്ലെങ്കിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നു.