യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യം യമനിലെ ഹൂതികളുടെ കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. ഹൂതികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റ് ആയ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണ് ഹൂതികള്‍ക്ക് നേരെയുള്ള ഈ ആക്രമണം. അതേസമയം അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്നും ഇതിനു മറുപടിയായാണ് ഇത്തരത്തില്‍ ആക്രമണം നടത്താന്‍ സൈന്യത്തിനോട് ഉത്തരവിട്ടതെന്നും ട്രംപ് ആരോപിച്ചു. വ്യോമാക്രമണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ട്രംപ് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഹൂതികള്‍ക്ക് പ്രധാനമായും പിന്തുണ നല്‍കുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതികള്‍ക്ക് സഹായം ചെയ്യുന്നത് നിര്‍ത്തണമെന്നും അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനുമായി ആണവ കരാറിന് താല്‍പര്യമുണ്ടെന്ന് അമേരിക്ക അറിയിച്ചതിനു പിന്നാലെയാണ് ഇറാന്‍ മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തയിരിക്കുന്നത്.