അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ട്രംപ് പുറത്താക്കി; പകരക്കാരനെ അടുത്തയാഴ്ച പ്രഖ്യാപിക്കും

അമേരിക്കയുടെ  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറത്താക്കി. ബോൾട്ടൻറെ പല ഉപദേശങ്ങളും അംഗീകരിക്കാനാകാത്തതാണെന്നും അതിനാലാണ് രാജി ആവശ്യപ്പെട്ടതെന്നും ട്രംപ് വ്യക്തമാക്കി. ബോൾട്ടന്‍റെ പകരക്കാരനെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ജോൺ ബോൾട്ടനോട് അദ്ദേഹത്തിന്‍റെ സേവനം വൈറ്റ് ഹൗസിൽ ഇനി ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. അദ്ദേഹത്തിന്‍റെ പല നിർദേശങ്ങളോടും ശക്തമായി വിയോജിച്ചിരുന്നുവെന്നും ഭരണതലത്തിലുള്ള മറ്റ് പലർക്കും സമാന അഭിപ്രായമായിരുന്നുവെന്നും അതിനാൽ ജോണിനോട് രാജി നൽകാൻ ആവശ്യപ്പെടുകയായിരുന്നുമായിരുന്നു  ട്രംപിന്‍റെ ട്വീറ്റ്.

”ജോണിന്‍റെ ഇതുവരെയുള്ള സേവനങ്ങൾക്ക് നന്ദി. അടുത്തയാഴ്ച പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കും” എന്നും ട്രംപ് വ്യക്തമാക്കി.

ട്രംപ് ട്വീറ്റിട്ടതിന് തൊട്ടുപിന്നാലെ താൻ രാജിസന്നദ്ധത അറിയിച്ചതായും എന്നാൽ, നാളെ നമുക്ക് സംസാരിക്കാം എന്നാണ് ട്രംപ് മറുപടി പറഞ്ഞതെന്നും ജോൺ ബോൾട്ടന്‍റെ ട്വീറ്റുമെത്തി.

അതുവരെ ഭരണകാര്യങ്ങളും നയപരമായ തീരുമാനങ്ങളുമടക്കം ട്വീറ്റ് ചെയ്തിരുന്നു ജോൺ ബോൾട്ടൺ. ബോൾട്ടനെ അപ്രതീക്ഷിതമായി പുറത്താക്കിയ ട്രംപിൻറെ നടപടി വൈറ്റ് ഹൗസിനെത്തന്നെ ഞെട്ടിച്ചു.

ഇറാനടക്കമുള്ള രാജ്യങ്ങളുടെ കടുത്ത വിമർശകനായിരുന്നു ജോൺ ബോൾട്ടൺ. കഴിഞ്ഞ മാർച്ചിൽ ഇറാനെതിരെ അമേരിക്ക കടുത്ത ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ അവിടേയ്ക്ക് സൈനിക നടപടി തുടങ്ങണമെന്ന് അഭിപ്രായപ്പെട്ടവരിൽ ഒരാളാണ് ബോൾട്ടൺ.

താലിബാനെ ചർച്ചയ്ക്ക് ക്ഷണിച്ചതുൾപ്പടെയുള്ള പല കാര്യങ്ങളിലും ജോൺ ബോൾട്ടണ് ട്രംപുമായി കടുത്ത അഭിപ്രായഭിന്നതയുണ്ടായിരുന്നുവെന്നാണ് സൂചന. ഇറാനോടുള്ള വിദേശനയമുൾപ്പടെ പല കാര്യങ്ങളിലും ആ ഭിന്നത മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു.  ഭരണതലത്തിൽ വലിയ കലാപങ്ങളാണ് നടക്കുന്നതെന്ന വാർത്തകളോട് ബോൾട്ടണെ പുറത്താക്കുന്നതിന് തലേന്ന് ട്രംപ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

John BoltonDonald J. TrumpNational Security Advisor
Comments (0)
Add Comment