വാതില്‍ അടയ്ക്കാനായില്ല, മിന്നല്‍ വേഗത്തില്‍ അമേരിക്കന്‍ സൈന്യം; മഡൂറോ കുടുങ്ങിയത് ഇങ്ങനെ: നാടകീയ നീക്കങ്ങള്‍ വിവരിച്ച് ട്രംപ്

Jaihind News Bureau
Sunday, January 4, 2026

വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയെയും ഭാര്യയെയും അതിസാഹസികമായി പിടികൂടിയ സൈനിക നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ‘ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ്’ എന്ന് പേരിട്ട ദൗത്യത്തിലൂടെ അമേരിക്കന്‍ സൈന്യം മഡൂറോയുടെ വസതി വളഞ്ഞപ്പോള്‍ നടന്ന നാടകീയ നിമിഷങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ടാണ് വിശദീകരിച്ചത്.

കാരക്കസിലെ വസതിയിലേക്ക് യുഎസ് സൈന്യം ഇരച്ചുകയറുമ്പോള്‍ മഡൂറോയും ഭാര്യയും സുരക്ഷിതമായ ഒരു രഹസ്യമുറിയിലേക്ക് മാറാനുള്ള തീവ്രശ്രമത്തിലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ‘അദ്ദേഹം വാതിലിന്റെ തൊട്ടടുത്ത് വരെ എത്തിയിരുന്നു. പക്ഷേ ആ വാതില്‍ അടയ്ക്കാന്‍ കഴിയുന്നതിന് മുന്‍പേ സൈന്യം അദ്ദേഹത്തെ വളഞ്ഞു. കീഴടങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല,’ ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഈ ദൗത്യം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന്റെ ഫലമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഡൂറോയുടെ വസതിയുടെ കൃത്യമായ മാതൃക നിര്‍മ്മിച്ച് യുഎസ് ഡെല്‍റ്റ ഫോഴ്‌സ് മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. അതിസുരക്ഷയുള്ള ലോഹവാതിലുകള്‍ എങ്ങനെ തകര്‍ക്കണമെന്നതായിരുന്നു പ്രധാന വെല്ലുവിളി. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ സിഐഎ ഉദ്യോഗസ്ഥര്‍ വെനസ്വേലയില്‍ ക്യാമ്പ് ചെയ്തിരുന്നു. മഡൂറോയുടെ ഓരോ നീക്കങ്ങളും ദിനചര്യകളും അവര്‍ കൃത്യമായി പഠിച്ചു.

നാല് ദിവസം മുന്‍പ് തന്നെ ദൗത്യത്തിന് ട്രംപ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആകാശം മേഘാവൃതമായതിനാല്‍ ദൃശ്യപരത കുറവായിരുന്നു. വ്യക്തമായ ആകാശത്തിനായി ഇന്റലിജന്‍സ് വിഭാഗം കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ കാലാവസ്ഥ അനുകൂലമായ ശനിയാഴ്ച പുലര്‍ച്ചെ ദൗത്യം നടപ്പിലാക്കുകയായിരുന്നു.

ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള തന്റെ വസതിയിലിരുന്ന് ട്രംപും സംഘവും ഈ സൈനിക നടപടി തത്സമയം വീക്ഷിച്ചു. മിന്നല്‍ വേഗത്തില്‍ പൂര്‍ത്തിയായ ഓപ്പറേഷന് ശേഷം മഡൂറോയെയും ഭാര്യയെയും അമേരിക്കന്‍ സൈന്യം കസ്റ്റഡിയിലെടുത്തു.

നിലവില്‍ അമേരിക്കയുടെ പിടിയിലായ മഡൂറോയെ നര്‍ക്കോ-ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യാനാണ് അമേരിക്കന്‍ നീക്കം. ഇതേത്തുടര്‍ന്ന് വെനസ്വേലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.